കോട്ടയം: കോട്ടയത്ത് പങ്കാളിയെ കൈമാറിയ കേസില്‍ ബലാത്സംഗത്തിന് കേസെടുത്ത് പോലീസ്. ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തതെന്ന് കോട്ടയം എസ്.പി ഡി. ശില്‍പ പറഞ്ഞു. എന്നാല്‍ കോട്ടയത്തേത് ഒറ്റപ്പെട്ട സംഭവമാണെന്നും സെക്സ് റാക്കറ്റുമായി ബന്ധമില്ലെന്നും പോലീസ് പറഞ്ഞു.
നേരത്തെ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത് സഹികെട്ടെന്ന് യുവതി പറഞ്ഞിരുന്നു. രണ്ട് വര്‍ഷം സഹിച്ചു. ഭര്‍ത്താവ് നിരന്തരം ശല്യം ചെയ്തു കൊണ്ടിരുന്നു.
ഒരേസമയം ഒന്നിലധികം ആളുകളുമായി ബന്ധപ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ വീട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടു. അപ്പോള്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വ്യക്തമാക്കി. ഭര്‍ത്താവ് പണത്തിന് വേണ്ടി തന്നെ ഉപയോഗിച്ചിരുന്നുവെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ബലാത്സംഗത്തിന് കേസെടുത്തത്. 9 പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
സംസ്ഥാന വ്യാപകമായി കപ്പിള്‍സ് സ്വാപ്പിംഗ് ഗ്രൂപ്പുകളിലെ അംഗങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയില്‍ ഇനിയും മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇതില്‍ വിദേശത്തേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിക്കാന്‍ പോലീസ് ശ്രമം ആരംഭിച്ചു. പരാതിക്കാരിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ ആറുപേരെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
പങ്കാളിയെ ലൈംഗികബന്ധത്തിന് കൈമാറുന്ന സംഘത്തില്‍ ഒരു തവണ വന്ന് കുടുങ്ങിയവരുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് പലതവണ ചൂഷണം നടത്തിയതായും സംശയമുണ്ട്. പലരും സംഘത്തില്‍നിന്ന് രക്ഷപ്പെടാനാകാത്ത വിധം അടിമകളായിട്ടുണ്ടെന്നാണ് പരാതിപ്പെട്ട യുവതിയുടെ മൊഴിയില്‍നിന്ന് പോലീസിന് ലഭിച്ച സൂചന. ഇവരുടെ ഭര്‍ത്താവ് നിരവധി അശ്ലീല കൂട്ടായ്മകളില്‍ പങ്കുവഹിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.
കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍നിന്നുള്ള ആറ് പ്രതികളാണ് നിലവില്‍ അറസ്റ്റിലായത്. മൂന്നുപേരെക്കൂടി കണ്ടെത്താനുണ്ട്. ഇതിലൊരാള്‍ കഴിഞ്ഞ ദിവസം സൗദിയിലേക്ക് കടന്നിരുന്നു. മറ്റ് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം ശക്തമാക്കിയതായി പോലീസ് പറഞ്ഞു. നവമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് പങ്കാളികളെ കൈമാറുന്ന 14 സംഘങ്ങളെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. നിരവധി സ്ത്രീകള്‍ ഇത്തരത്തിലുള്ള പീഡനങ്ങള്‍ ഇരയായിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.
എന്നാല്‍ കൂടുതല്‍ പരാതി ലഭിച്ചിട്ടില്ല. പിടിയിലായ പ്രതികളുടെ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. വീഡിയോ ചിത്രീകരിച്ചു, ബ്ലാക്ക്മെയില്‍ ചെയ്തു ഒരു ഭര്‍ത്താവും ചെയ്യാത്ത വൃത്തികേടുകള്‍ ചെയ്തുകൂട്ടിയപ്പോഴും അവള്‍ എല്ലാം സഹിച്ചത് രണ്ടു മക്കളെ ഓര്‍ത്താണെന്ന് പരാതിക്കാരിയുടെ സഹോദരന്‍ പറഞ്ഞു. വിവാഹം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റുള്ള ആണുങ്ങളോടൊപ്പം കഴിയണമെന്ന് അയാള്‍ പലവട്ടം നിര്‍ബന്ധിച്ചിരുന്നു. സഹികെട്ടപ്പോള്‍ അവള്‍ വീട്ടിലേക്ക് വന്നു. അന്ന് ഞങ്ങള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ വെറുതെ പറഞ്ഞതാണെന്നും തന്റെ ഭാഗത്തുനിന്നു ഒരിക്കലും ഇങ്ങനെ ഉണ്ടാകില്ലെന്നും പറഞ്ഞ് അയാള്‍ അവളെ വീണ്ടും കൂട്ടിക്കൊണ്ടുപോയി.
താന്‍ പറയുന്ന കാര്യങ്ങള്‍ മറ്റുള്ളവരോട് പറഞ്ഞാല്‍ മക്കളെയും അവളെയും കൊല്ലുമെന്നും ആത്മഹത്യചെയ്യുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി. ഭര്‍ത്താവിനോടും മക്കളോടുമുള്ള അവളുടെ സ്നേഹം അയാള്‍ മുതലെടുത്തു. ഭീഷണിയുടെ മുമ്പില്‍ പിടിച്ചുനില്‍ക്കാനായില്ല. മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ചിത്രങ്ങളും വീഡിയോയും അയാള്‍ സൂക്ഷിച്ചിരുന്നു. ഇത് ഞങ്ങളുടെ കുടുംബത്തെ കാണിക്കുമെന്നും അവളോട് പറഞ്ഞു. ഇതോടെ മറ്റ് മാര്‍ഗമില്ലാതെ അവള്‍ക്ക് അയാള്‍ പറയുന്നത് കേള്‍ക്കേണ്ടിവന്നു -സഹോദരന്‍ പറഞ്ഞു.
അതേസമയം പങ്കാളിയെ പങ്കുവച്ചുള്ള പീഡന സംഭവത്തില്‍ ഉന്നതതലത്തിലുള്ള അന്വേഷണം വേണമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു. വിഷയം ഗൗരവമുള്ളതാണ്. കേരളത്തില്‍ മാത്രമല്ല രാജ്യത്തുതന്നെ ഇന്നേവരെ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് പുറത്തുവന്നിരിക്കുന്നത്.
സംസ്‌കാരസമ്പന്നമായ ഒരു സമൂഹത്തിനു ചിന്തിക്കാന്‍പോലും കഴിയാത്ത തരത്തിലുള്ള സംഭവങ്ങളാണ് നടക്കുന്നത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതായും സതീദേവി പറഞ്ഞു.നടിക്കെതിരായ ആക്രമണത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ വന്ന പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണം വേണം. സാക്ഷികളുടെ കൂറുമാറ്റമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കണം. നടിക്ക് നീതി കിട്ടാന്‍ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സതീദേവി പറഞ്ഞു.