കോഴിക്കോട്:ശസ്ത്രക്രിയ്ക്ക് കൈക്കൂലി വാങ്ങിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് (Government Medical College Kozhikode) മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഗൈനക്കോളജി വിഭാഗം മൂന്ന് ചീഫ് ഡോ. ശരവണകുമാറിനെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്റ്റര്‍ സസ്‌പെന്റ് ചെയ്തത്. യുവതിയുടെ ഗര്‍ഭപാത്രം നീക്കുന്ന ശസ്ത്രക്രിയ നടത്തിയ ശേഷം ഭര്‍ത്താവിനെ വിളിച്ചു വരുത്തി കൈക്കൂലി വാങ്ങിയെന്നായിരുന്നു പരാതി. മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. സി. ശ്രീകുമാറിന് ലഭിച്ച പരാതി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വി.ആര്‍. രാജേന്ദ്രന് കൈമാറി.
അദ്ദേഹം നിയോഗിച്ച മൂന്നംഗ ഡോക്ടര്‍മാരുടെ സമിതി അന്വേഷണം നടത്തി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്റ്റര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇതിടെ നടപടി ഉണ്ടാകുമെന്നറിഞ്ഞ ഡോ. ശരവണന്‍ യുവതിയുടെ ഭര്‍ത്താവിനെ വിളിച്ച് പരാതി പിന്‍വലിക്കണമെന്ന് കേണപേക്ഷിക്കുന്ന ശബ്ദ സന്ദേശം സമൂഹ്യ മാധ്യമങ്ങളില്‍ പരന്നിരുന്നു. യുവതിയുടെ ഭര്‍ത്താവ് പരാതിയില്‍ ഉറച്ച് നിന്നതോടെ ഡോക്ടര്‍ക്ക് നടപടിലഭിക്കുകയായിരുന്നു.
കൈക്കൂലി വാങ്ങിയതിന് സസ്‌പെന്‍ഷനിലായ ഡോക്ടര്‍ ശരവണന്‍ പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവിനെ വിളിച്ച ഫോണ്‍ സംഭാഷണം. ഏഴുമിനുറ്റില്‍ കൂടുതലുണ്ട് സംഭാഷണം
കൈക്കൂലി വാങ്ങിയ ഡോക്ടര്‍: പിന്നെ സുപ്രണ്ടിന് പരാതി കൊടുത്തനറിഞ്ഞു. ഒന്ന് പിന്‍വലിക്കണം. എന്റെ ജീവിതത്തിന്റെ പ്രശ്‌നമാണ്. നിങ്ങളുടെ ഭാര്യയ്ക്ക് വേണ്ടി ഇ ത്രെയും ഞാന്‍ കഷ്ടപ്പെട്ടില്ലേ. പിന്നേയും ബ്ലീഡിങ്ങൊക്കെ ഉണ്ടായിരുന്നു. അതൊക്കെ ശരിയാക്കി. എന്ത് കഷ്ടപ്പെട്ടിട്ടാണ് ഞാന്‍ സര്‍ജ്ജറി ചെയ്ത് തന്നത്.
യുവതിയുടെ ഭര്‍ത്താവ്: സാറേ സാറിന് ഞാന്‍ ജീവിതത്തില്‍ ആദ്യമായാണ് അന്ന് വാര്‍ഡിനുള്ളില്‍ നിന്നും പൈസ വാങ്ങുമ്പോഴാണ് കാണുന്നത്. അല്ലാതെ നമ്മള്‍ തീരെ കണ്ടിട്ട് പോലുമില്ല. എനിക്കറിയില്ല ആരാണെന്ന് പോലും.
ഡോക്ടര്‍: ഞാന്‍ അറിയാതെ ചെയ്ത് പോയതാണ്. ഞാന്‍ നിങ്ങളുടെ കാലില്‍ തൊട്ട് മാപ്പ് അപേക്ഷിക്കുകയാണ്.
യുവതിയുടെ ഭര്‍ത്താവ്: സാറെന്റെ കാല് പിടിക്കാനല്ല. ഞാനൊരു കൂലി പണികാരനാണ്. ഇപ്പോഴത്തെ സ്ഥിതിയില്‍ പറയുമ്പോള്‍ സാര്‍ എന്റെ കാല്‍ തൊടാന്‍ പോലും യോഗ്യനല്ല.
ഡോക്ടര്‍: എന്റെ അറിവുകേട് കൊണ്ട് പറ്റിയതാണ്. എന്നോടൊന്ന് ക്ഷമിച്ചിട്ട് പരാതിയൊന്ന് പിന്‍വലിക്കണം. അല്ലെങ്കില്‍ എന്റെ ജീവിത പ്രശ്‌നമാണ്.
യുവതിയുടെ ഭര്‍ത്താവ്: മെഡിക്കല്‍ കോളേജില്‍ ഒരു സ്റ്റാഫ് , അല്ലെങ്കില്‍ ഒരു പെണ്‍കുട്ടി അല്ലെങ്കില്‍ ആണ്‍കുട്ടി സീറ്റ് കിട്ടിലക്ഷങ്ങള്‍ ചെലവഴിച്ചാണ് ഗവണ്‍മെന്റ് ചെലവഴിച്ച് ഡോക്റ്ററായി വന്നിട്ട് ഇതിനുള്ളില്‍ ഒരു പ്രൊഫസര്‍ വരെ എത്തിപ്പെടാന്‍ എത്രത്തോളം കഷ്ടപ്പെടുന്നുണ്ട്. സാര്‍ കേണപേക്ഷിക്കാന്‍…’
ഡോക്ടര്‍: ഞാന്‍ എത്ര എമൗണ്ട് വേണമെന്ന് പറഞ്ഞില്ലല്ലോ , ഉടനെ എടുത്ത് തരുകയല്ലേ…
യുവതിയുടെ ഭര്‍ത്താവ്: ഞാനെന്റെ കീശയില്‍ പണം പൊക്കുമ്പോള്‍ തന്നെ, സാറിപ്പോള്‍ എന്ത് ക്ഷമയിലാണ് സംസാരിക്കുന്നത്. അപ്പോഴത്തെ ഗാംഭീരവും സാറിന്റെ മുഖവും .. ഞാനീ അടുത്ത പ്രദേശത്ത് കാരനാണ്. ഇത്രെയും നല്ല നിലയില്‍ കൊണ്ടു പോകുന്ന സ്ഥാപനത്തില്‍ സാറിനെ പോലുള്ളവര്‍.
ഡോക്ടര്‍: അനുജനെ പോലെ കണ്ട് കണക്കാക്കി അതൊന്ന് പിന്‍വലിക്കണം. ദയവ് ചെയ്ത് ചെയ്യണം. എന്നെ കുഴപ്പത്തിലാക്കരുത്. പ്ലീസ്. ഞാന്‍ നിങ്ങളുടെ ഭാര്യയ്ക്ക് വേണ്ടി ഇത്രെയും ചെയ്തില്ലേ. ഒരു വല്യ സര്‍ജ്ജറിയല്ലേ ഞാന്‍ ചെയ്ത് തന്നത്.
യുവതിയുടെ ഭര്‍ത്താവ്: സംഭവം എനിക്കറിയില്ല. സാറാണ് ചെയ്തതെന്ന് എനിക്കറിയില്ല. ഞാന്‍ നളിനി ഡോക്റ്ററെയാണ് കാണിച്ചത്. എന്റെ ഭാര്യയുടെ രണ്ട് പ്രസവവും ആ ഡോക്റ്ററെയാണ് കാണിച്ചത്.
ഡോക്ടര്‍: വേറെ ആരും ആ കേസ് ചെയ്യത്തില്ല.
യുവതിയുടെ ഭര്‍ത്താവ്: ഞാന്‍ ഡോക്ടര്‍മാരെയും പ്രൊഫസര്‍മാരെയും അത്രെയും ബഹുമാനിക്കുന്ന ആളാ.
ഡോക്ടര്‍: ഒന്ന് ക്ഷമിക്കൂ, ഒരു അനിയനെ പോലെ കണ്ട് ആ പരാതി ഒന്ന് പിന്‍ വലിക്കൂ, എനിയ്ക്ക് പരാതിയില്ല, ഞാന്‍ ക്ഷമിച്ചിരിക്കുന്നു എന്ന് പറഞ്ഞാല്‍ മതി.
യുവതിയുടെ ഭര്‍ത്താവ്: എന്തായാലും സാര്‍ ഫോണ്‍ കട്ട് ചെയ്യൂ. ഞാനെന്തായാലും ഒരിക്കലുമിത് ക്ഷമിക്കില്ല. സാര്‍ ശിക്ഷയ്ക്ക് അര്‍ഹനാണ്. എന്ത് കൊണ്ട് ആണെന്ന് വെച്ചാല്‍ പലരും എന്നോട് പറഞ്ഞത്
സാര്‍ അയ്യായിരം രൂപ വരെ വാങ്ങുന്നുണ്ടെന്നാണ് പറഞ്ഞത്.
ഡോക്ടര്‍: അയ്യായിരം രൂപ ഇത് വരെ ഞാന്‍ വാങ്ങിച്ചിട്ടില്ല. ആരും എനിയ്ക്ക് തന്നിട്ടുമില്ല.
യുവതിയുടെ ഭര്‍ത്താവ്: മെഡിക്കല്‍ കോളേജ് ആയത് കൊണ്ട് പലരും പലയിടങ്ങളില്‍ നിന്നും വരുന്നവരാണ്. അത് സാറിനൊരു വളമായി മാറുകയാണ്. ഇതിങ്ങനെ വാങ്ങി വാങ്ങി മെഡിക്കല്‍ കോളേജിന്റെ ഉള്ളില്‍ വാതില്‍ തുറന്നിട്ട് വാങ്ങാനുള്ള ധൈര്യം വരെയായി. സാറിന് ഈ ജോലിയില്‍ ഒരു പൈസപ്പോലും ഞാന്‍ വേറെയൊന്നും ആവശ്യപ്പെടുന്നില്ല ഒരു പൈസപ്പോലും കൈക്കൂലി ലഭിക്കാത്ത തരത്തില്‍ സാറിനെ തരം താഴ്ത്തണം. അല്ലെങ്കില്‍ ഇനി ഒരാളോടും പണം വാങ്ങാന്‍ പറ്റരുത്. ആ രൂപത്തില്‍ പോകാനാണ് ഞാന്‍ ആവശ്യപ്പെടുന്നത്.
ഡോക്ടര്‍: ഒന്ന് ക്ഷമിക്കൂ, താങ്കളുടെ ഭാര്യയ്ക്ക് വേണ്ടി, ഒന്ന് ക്ഷമിക്കൂ. എന്റെ മക്കളുടെയും ഭാര്യയുടെയും ജീവിതമാണ് തകരുന്നത്.
യുവതിയുടെ ഭര്‍ത്താവ്: എന്റെ ഭാര്യയെ എന്തായാലും സാറിന്റെ അടുത്ത് നിന്നും മാറ്റാന്‍ പറയും.
ഡോക്ടര്‍: പ്ലീസ് പൊറുക്കണം, ഞാന്‍ വളരെ സങ്കടത്തോടെ പറയുകയാണ്. ഇത്രെയും താഴ്ന്ന് പറയുകയാണ്. ആ പരാതി ഒന്ന് പിന്‍വലിക്കൂ. പിന്നെ മുകളിലോട്ട് മുകളിലോട്ട് അങ്ങ് പോകും.
യുവതിയുടെ ഭര്‍ത്താവ്: അപ്പം ശരി ഞാന്‍ പിന്നെ വിളിക്കാം.
ഡോക്ടര്‍: സര്‍, ഒന്ന് കണ്‍സിഡര്‍ ചെയ്യണം. പ്ലീസ്. ഞാനത്രെയും പ്രയാസപ്പെട്ടാണ് ആ സര്‍ജറി ചെയ്തത്. വേറെ ആരും അത് ചെയ്യത്തില്ല…..
യുവതിയുടെ ഭര്‍ത്താവ്: സാറിന്റെ സേവനം ഇനി വേണ്ട….ഒരു പ്രൊഫസര്‍ മെഡിക്കല്‍ കോളേജിലെ, രണ്ട് ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഒരു പ്രൊഫസര്‍ ഇത്രത്തോളം തരം താഴാന്‍ പാടില്ല. ഒരിക്കലും തരം താഴാന്‍ പാടില്ല.
ഡോക്ടര്‍ : പരാതി ഒന്ന് പിന്‍വലിച്ചാല്‍ എന്റെ ജീവിതം ഒന്ന് രക്ഷപ്പെടും.
യുവതിയുടെ ഭര്‍ത്താവ്: ജീവിതം നിങ്ങളുടേത് രക്ഷപ്പെട്ടിലേലും പ്രശ്‌നമില്ല. കാരണം നിങ്ങള്‍ മനസ്സിലാക്കണം. ഇത്രെയും കാലമായിട്ട് ഞാനൊക്കെ പണിയ്ക്ക് പോയിട്ട് ഒരു മാസത്തോളമായി. ഒരു രൂപ പോലും വരുമാനമില്ലാതെ ഒരു മാസമായി ഞാനിരിക്കുന്നു.
ഡോക്ടര്‍: സാര്‍ പറയുന്നതെല്ലാം മനസ്സിലായി. എന്റെ ഒരു ജേഷ്ഠനെ പോലെ കണ്ട് പരാതി പിന്‍വലിക്കണം.
യുവതിയുടെ ഭര്‍ത്താവ്: പറഞ്ഞിട്ട് കാര്യമില്ല. ഒരു കാരണവശാലും പരാതി പിന്‍വലിക്കില്ല. കൊടുത്ത പരാതിയില്‍ തന്നെ മുന്നോട്ട് പോകും. പിന്‍വലിക്കുന്ന യാതോരു പ്രശ്‌നവുമില്ല. അപ്പം ശരി