ചെന്നൈ: കരാർജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ പ്രസവാവധിക്ക് അർഹതയുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. 1961-ലെ മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിലെ വ്യവസ്ഥകൾ കരാർവ്യവസ്ഥകളുടെ പരിധിക്കു മേലെ നിൽക്കുമെന്നും ചീഫ് ജസ്റ്റിസ് കെ.ആർ. ശ്രീറാം, ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
1961-ലെ നിയമം പ്രസവാവധിക്കുള്ള അവകാശം ഉറപ്പാക്കുന്നതിനും അമ്മ എന്നനിലയിലും തൊഴിലാളി എന്നനിലയിലും തുല്യപ്രധാന്യം കല്പിക്കുന്നതുമാണെന്നുമുള്ള സുപ്രീംകോടതിയുടെ മുൻനിരീക്ഷണവും ഹൈക്കോടതി ഉദാഹരിച്ചു.
ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിനു (എൻ.എച്ച്.ആർ.എം.) കീഴിൽ കരാറടിസ്ഥാനത്തിൽ നിയമിച്ച നഴ്‌സുമാർക്ക് സർക്കാർ 270 ദിവസത്തെ പ്രസവാവധി നിഷേധിച്ചതിനെതിരേ മെഡിക്കൽ സർവീസസ് റിക്രൂട്ട്മെന്റ് ബോർഡ് (എം.ആർ.ബി.) 2018-ൽ സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
എൻ.എച്ച്.ആർ.എമ്മിനു കീഴിൽ 7000 രൂപ പ്രതിമാസശമ്പളത്തിൽ ജോലിചെയ്യുന്ന 11,000-ത്തിലധികം നഴ്സുമാർ തമിഴ്നാട്ടിലുണ്ടെന്നും ഇവർക്ക് ആനുകൂല്യം നിഷേധിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും ഹർജിയിൽ വ്യക്തമാക്കി. കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്ന നഴ്സുമാരുടെ പ്രസവാനുകൂല്യങ്ങളുമായി ബന്ധപ്പെട്ടകാര്യം മൂന്നുമാസത്തിനകം തീർപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.