‘നിന്നെ പിന്നെ കണ്ടോളാം’: കെ.വി.തോമസിനെതിരെ മുദ്രാവാക്യം വിളിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ (Thrikkakkara byelection Result) മികച്ച വിജയത്തിലേക്ക് നീങ്ങി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. ആറാം റൗണ്ട് വോട്ടെണ്ണൽ പൂര്‍ത്തിയായപ്പോൾ 12414 വോട്ടുകളുടെ ലീഡാണ് ഉമ നേടിയിരിക്കുന്നത്. അതേസമയം ഉമ ലീഡെടുത്തതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി ആഹ്ളാദം പ്രകടിപ്പിച്ചു.
ആദ്യറൗണ്ടിൽ തന്നെ പ്രതീക്ഷിച്ചതിലും ഏറെ ലീഡ് ഉമാ തോമസ് പിടിച്ചതോടെയാണ് ആവേശഭരിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടെണ്ണൽ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളേജിന് മുന്നിൽ മുദ്രാവാക്യം വിളിയുമായി ഇറങ്ങിയത്. പിടി തോമസിനെ വാഴ്ത്തിയും ഉമാ തോമസിനെ അഭിനദിച്ചുമുള്ള മുദ്രാവാക്യം വിളിയിൽ പിന്നീട് കാര്യമായി പരമാര്‍ശിക്കപ്പെട്ടത് തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി വിട്ട് എൽഡിഎഫിലേക്ക് പോയ മുതിര്‍ന്ന നേതാവ് കെ.വി.തോമസാണ് നിന്നെ പിന്നെ കണ്ടോളാം എന്നായിരുന്നു തോമസിനോടുള്ള പ്രവര്‍ത്തകരുടെ മുദ്രാവാക്യം.
നാലാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ കഴിഞ്ഞ തവണ പിടി തോമസ് നേടിയതിലും ഇരട്ടി വോട്ടുകളാണ് ഉമ ലീഡായി പിടിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞതവണ പിടി തോമസ് ലീഡിൽ പിന്നോട്ട് പോയ ചില മേഖലകളാണ് അഞ്ചാം റൗണ്ടിൽ എണ്ണാനുള്ളത്. ഇവിടെ വോട്ടെണ്ണി കഴിയുമ്പോൾ ഉമ പിന്നോട്ട് പോയാലും പിടിയേക്കാൾ മികച്ച ഭൂരിപക്ഷത്തിലേക്ക് ഉമ നീങ്ങും എന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. തൃക്കാക്കരയിലെ കൊച്ചി നഗരസഭയുടെ ഭാഗമായ മേഖലകളിലാണ് ഇപ്പോൾ വോട്ടെണ്ണൽ പുരോഗമിക്കുന്നത്. നഗരമേഖലയിലെ വോട്ടെണ്ണൽ തീരുമ്പോൾ തന്നെ ഉമാ തോമസിൻ്റെ ലീഡ് 15,000-ത്തിന് മുകളിലേക്കെത്തും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
അതേസമയം തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയിൽ പ്രതികരിക്കാൻ എൽഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ് തയ്യാറായില്ല. സിപിഎം എറണാകുളം ആസ്ഥാനമന്ദിരമായ ലെനിൻ സെൻ്ററിലുണ്ടായിരുന്ന ഡോ.ജോ ജോസഫ് നാലാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞതിന് പിന്നാലെ സെക്രട്ടറിയുടെ ഓഫീസിന് പുറത്തേക്ക് പോയി. അൽപസമയം കഴിഞ്ഞ് പ്രതികരിക്കാം എന്ന് അദ്ദേഹം പറഞ്ഞെങ്കിലും ഇതിനിടെ എത്തിയ സിപിഎം സംസ്ഥാന സമിതി അംഗം ദിനേശ് മണി മാധ്യമപ്രവര്‍ത്തകരോട് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടു.