FeaturedKeralaNews

കെപിസിസി ഭാരവാഹി പട്ടിക ഇന്ന്, ധാരണകൾ പാലിച്ചില്ലെങ്കിൽ പ്രതിഷേധമെന്ന് ഗ്രൂപ്പുകളുടെ മുന്നറിയിപ്പ്

ഡൽഹി:കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്നലെ രാത്രി വൈകിയും കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും ഹൈക്കമാന്‍റ് പ്രതിനിധികളുമായി ചർച്ച നടത്തി. ഇന്ന് അവസാന വട്ട ചർച്ചകള്‍ പൂർത്തിയാക്കി ഉച്ചയോടെ പട്ടിക ഹൈക്കമാന്‍റിന് സമർപ്പിക്കാനാണ് തീരുമാനം. അന്തിമ ഭാരവാഹി പട്ടികയെ കുറിച്ച് ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ധരിപ്പിച്ച ശേഷമായിരിക്കും ലിസ്റ്റ് ഹൈക്കമാന്‍റിന് കൈമാറുക. ജംബോ പട്ടിക ഉണ്ടാകില്ലെന്ന തീരുമാനമെടുത്തിരിക്കുന്നതിനാല്‍ 51 അംഗ ഭാരവാഹി പട്ടികയാകും പുറത്തിറങ്ങുക.

എ-ഐ ഗ്രൂപ്പുകള്‍ നല്‍കിയ പേരുകളില്‍ നിന്ന് ചിലരെ മാത്രമേ 51 അംഗ ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. വി എസ് ശിവകുമാർ, ആര്യാടൻ ഷൗക്കത്ത്, ജ്യോതി കുമാർ ചാമക്കാല വി ടി ബല്‍റാം അടക്കമുള്ളവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട് എന്നാണ് സൂചന. ഗ്രൂപ്പിന് അതീതമായ ഒരാളെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. അഞ്ച് കൊല്ലം ഭാരവാഹിയായിരുന്നുവരെ ഒഴിവാക്കുമെന്ന മാനദണ്ഡമുള്ളതിനാല്‍ തമ്പാനൂർ രവി, ജോസഫ് വാഴക്കൻ എന്നീ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയേക്കും.

പത്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ എന്നിവര്‍ക്ക് പ്രത്യേക പരിഗണ നല്‍കി ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. ഡിസിസി പട്ടികയില്‍ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യവിമർശനം നടത്തിയ സാഹചര്യത്തില്‍ കരുതലോടെയാണ് കെപിസിസി ഭാരവാഹി പട്ടിക തയ്യാറാക്കുന്നത്. ഗ്രൂപ്പുകള്‍ നല്‍കിയിരിക്കുന്ന പട്ടികയില്‍ നിന്ന് ചില പേരുകള്‍ ഉള്‍ക്കൊള്ളിക്കും. കേരളത്തില്‍ തീരുമാനിച്ച മാനദണ്ഡങ്ങള്‍ ഏകപക്ഷീയമായി മാറ്റിയാല്‍ പ്രതിഷേധിക്കുമെന്നാണ് ഗ്രൂപ്പുകളുടെ മുന്നറിയിപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button