ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരളത്തെ മാതൃകയാക്കി പ്രമേയം പാസാക്കാനൊരുങ്ങി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക, എന്‍പിആര്‍ പുതുക്കല്‍ നിര്‍ത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പ്രമേയം പാസാക്കുക. പൗരത്വ നിയമം, പൗരത്വ രജിസ്റ്റര്‍, ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയ്ക്കു പുറമേ, സാമ്പത്തിക സ്ഥിതി, കാഷ്മീരിലെ സ്ഥിതി, യുഎസ് ഇറാന്‍ സംഘര്‍ഷാവസ്ഥ എന്നിവയും പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്തതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.
സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ എകെ ആന്റണി, പി ചിദംബരം, ആനന്ദ് ശര്‍മ, പ്രിയങ്ക ഗാന്ധി, ജോതിരാദിത്യ സിന്ധ്യ, കെ.സി. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. അതേസമയം, രാഹുല്‍ ഗാന്ധി യോഗത്തിനെത്തിയില്ല.