വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൂട്ടുകാരന്റെ തലയില്‍ ബൈക്കിന്റെ താക്കോല്‍ ഇടിച്ചു കയറ്റി
തൃശൂര്‍: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് കൂട്ടുകാരന്റെ തലയില്‍ യുവാവ് ബൈക്കിന്റെ താക്കോല്‍ ഇടിച്ചുകയറ്റി. ശസ്ത്രക്രിയയെ തുടര്‍ന്ന് താക്കോല്‍ പുറത്തെടുത്തു. തൃത്താല തെക്കെപ്പുരക്കല്‍ ടി.വി. രാജേഷിന്റെ തലയോട്ടിയിലാണ് താക്കോല്‍ തുളച്ചുകയറിയത്. അമല മെഡിക്കല്‍ കോളേജിലെ ന്യൂറോസര്‍ജറി വിഭാഗം ഡോക്ടര്‍മാരാണ് താക്കോല്‍ പുറത്തെടുത്തത്. വെള്ളിയാഴ്ച രാത്രി എട്ടരമണിയോടെയാണ് വാക്കുതര്‍ക്കമുണ്ടായത്. മരപ്പണിക്കാരായ രാജേഷും സുഹൃത്തും സംസാരിച്ചു നില്‍ക്കുകയായിരുന്നു. ഇതിനെടെയാണ് വാക്കുതര്‍ക്കമുണ്ടായതും ബൈക്കിന്റെ താക്കോല്‍ തലയില്‍ ശക്തിയായി ഇടിച്ചുകയറ്റിയതും.
താക്കോലിന്റെ അറ്റം ഏകദേശം മൂന്ന് ഇഞ്ചോളം തലയോട്ടി തുളച്ചു കയറിയിരുന്നു. ശക്തമായ രക്തസ്രാവവും ഉണ്ടായിരുന്നു. സമീപത്തെ ആശുപത്രിയില്‍ കാണിച്ചെങ്കിലും അവര്‍ അമലയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്ന് രാജേഷ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.