കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത് ജില്ലാ തലത്തിലാക്കാന്‍ ആലോചന, പ്രതിപക്ഷ വിമർശനം ഉൾക്കൊണ്ട് സർക്കാർ
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നത് ജില്ലാ തലത്തിലാക്കാൻ ആലോചന. നിലവിൽ കോവിഡ് മരണങ്ങൾ സംസ്ഥാനതലത്തിലാണ് സ്ഥിരീകരിക്കുന്നത്. ഇത് ജില്ലാതലത്തിലാക്കുന്നത് ആലോചിക്കും. ഏത് കാറ്റഗറിയിലുള്ള മരണമാണെന്ന് കൃത്യമായ മാനദണ്ഡം ഡോക്ടർമാർ നിശ്ചയിക്കണമെന്ന് കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നേരത്തെ സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ സംബന്ധിച്ച് നിയമസഭയിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവേയാണ് ആരോഗ്യമന്ത്രിയും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടിയത്. ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് കേരളത്തിലേതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എന്നാൽ കണക്കുകൾ വിശ്വസീനയമല്ലെന്ന് പ്രതിപക്ഷം മറുപടി നൽകിയതോടെയാണ് സഭയിൽ സഭയിൽ ബഹളമുണ്ടായത്.
മരണ കാരണം നിശ്ചയിക്കേണ്ടത് മാനേജ്മെന്റ് കമ്മിറ്റിയല്ല മറിച്ച് ഡോക്ടർമാരാണെന്നും അവർ മരണ കാരണം നിശ്ചയിക്കുന്നതിലേക്ക് സംവിധാനം മാറണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിലെ പ്രധാന ആവശ്യം. ഇതുപോലെ 41 മുതൽ 59 വയസുവരെയുള്ളവരുടെ മരണനിരക്ക് വളരെ ആശങ്കയുണ്ടാക്കുന്നതായും അടിയന്തര പ്രമേയ നോട്ടീസിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ കോവിഡ് മരണക്കണക്കിൽ വൻ വൈരുധ്യം ഉണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. യഥാർഥ കോവിഡ് മരണത്തെക്കാൾ രണ്ടിരട്ടിയോളം കുറച്ചാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതെന്നായിരുന്നു ആക്ഷേപം. സംസ്ഥാന ആരോഗ്യവകുപ്പ് നിശ്ചയിച്ച വിദഗ്ധസമിതി സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോവിഡ് മരണങ്ങളിൽനിന്നും പലതും ഒഴിവാക്കുന്നത് മൂലമാണ് കണക്കുകളിൽ വൈരുധ്യം ഉണ്ടാകുന്നത്.
ഗുരുതരമായ അസുഖങ്ങൾ മൂർച്ഛിച്ച് മരിക്കുമ്പോൾ കോവിഡ് പോസിറ്റീവ് ആണെങ്കിൽപ്പോലും പട്ടികയിൽ ഉൾപ്പെടുത്തില്ല. രോഗിയെ ചികിത്സിച്ച ഡോക്ടർമാർ നൽകുന്ന മരണ സർട്ടിഫിക്കറ്റ് പോലും വിദഗ്ധ സമിതി പരിഗണിക്കാറില്ല. ഇതുമൂലം ജില്ലാ ആരോഗ്യവകുപ്പ് കോവിഡ് ബാധിച്ച മരണമെന്ന് പ്രഖ്യാപിച്ചവരിൽ പലരും സംസ്ഥാന പട്ടികയിൽ ഉണ്ടാകാറില്ല. ഇത്തരം ഒഴിവാക്കലുകൾ ഭാവിയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.