ക്വാറന്റൈ ലംഘിച്ചു; പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ പരാതി

മലപ്പുറം: പി.വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ പരാതി. കരിപ്പൂരില്‍ പി.വി അന്‍വര്‍ ക്വാറന്റൈന്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കെഎസ്യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുര്‍ ആണ് ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനും പരാതി നല്‍കിയത്. എംഎല്‍എക്കെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം.

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ നാട്ടില്‍ എത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ അന്‍വറിന് വന്‍ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയത്. നിലമ്പൂര്‍ നിന്ന് സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഇത്തവണയും അന്‍വര്‍ തന്നെയാണ് മത്സരിക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെയാണ് എംഎല്‍എ വിദേശത്തേക്ക് പോയത്. എംഎല്‍എയെ കാണാന്‍ ഇല്ലെന്നും ഘാനയില്‍ തടവിലാണെന്നുമുള്ള ആരോപണങ്ങളെ തുടര്‍ന്ന് താന്‍ ആഫ്രിക്കയില്‍ വ്യവസായാവശ്യത്തിന് എത്തിയതാണെന്ന് അന്‍വര്‍ നേരത്തെ ഫേസ്ബുക്ക് വീഡിയോലിലൂടെ അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News