കൊവിഡ് വ്യാപനം രൂക്ഷം; മാര്‍ച്ച് 15 മുതല്‍ ലോക്ക്ഡൗണ്‍

മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിലെ നാഗ്പുരില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 15 മുതല്‍ 21 വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. ലോക്ക്ഡൗണ്‍ ഏര്‍പെടുത്താന്‍ തീരുമാനം. പച്ചക്കറി, പഴവര്‍ഗ കടകള്‍, പാല്‍ തുടങ്ങിയ അവശ്യ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും.

നാഗ്പുര്‍ പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള പ്രദേശങ്ങളിലാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. വരും ദിവസങ്ങളില്‍ ലോക്ഡൗണ്‍ ഒഴിവാക്കാന്‍ കഴിയാത്ത ചില പ്രദേശങ്ങളുണ്ട്. അതേതൊക്കെയെന്ന കാര്യത്തില്‍ താമസിയാതെ തീരുമാനം വരുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 13,659 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 1710 കേസുകളും നാഗ്പുരിലാണ്. 173 ദിവസങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിനക്കണക്കാണിത്. രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കേസുകളുടെ 60 ശതമാനവും മഹാരാഷ്ട്രയിലാണ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,854 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 11,285,561 ആയി. 126 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ അണുബാധയില്‍ മരിച്ചവരുടെ ആകെ എണ്ണം 1,58,189 ആയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News