വനിതാ കമ്മീഷന്‍ അധ്യക്ഷ പരാതിക്കാരിയുടെ ബന്ധുവിനെ അധിക്ഷേപിച്ചെന്ന് പരാതി

തിരുവനന്തപുരം: അയല്‍വാസിയുടെ ആക്രമണത്തില്‍ പരുക്കേറ്റ് കിടപ്പുരോഗിയായ പത്തനംതിട്ട കോട്ടാങ്ങല്‍ സ്വദേശിനിയുടെ ബന്ധുവിനോട് വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ കയര്‍ത്ത് സംസാരിച്ചതായി പരാതി. കോട്ടാങ്ങല്‍ സ്വദേശിനി 89 വയസുകാരിയായ ലക്ഷ്മിക്കുട്ടിയമ്മയാണ് അയല്‍വാസി മദ്യലഹരിയില്‍ തനിക്ക് നേരെ നടത്തിയ ആക്രമണത്തിനെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നത്.

ഇതിന്റെ ഹിയറിംഗിനായി വീട്ടില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ അടൂരില്‍ എത്താന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ വിളിച്ച ലക്ഷ്മിക്കുട്ടിയമ്മയുടെ ബന്ധുവിനെയാണ് എം.സി ജോസഫൈന്‍ അധിക്ഷേപിച്ച് സംസാരിച്ചത്.

വൃദ്ധയെ ആക്രമിച്ചെങ്കില്‍ പരാതി പോലീസ് സ്റ്റേഷനിലല്ലേ പറയേണ്ടത് എന്നും 89 വയസായ അമ്മയെ കൊണ്ട് വനിതാ കമ്മീഷനിലാണോ പരാതിപ്പെടുന്നതെന്നും എം.സി ജോസഫൈന്‍ ചോദിച്ചു. പോലീസില്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതുകൊണ്ടാണ് വനിതാ കമ്മീഷനില്‍ പരാതിപ്പെട്ടതെന്ന് അറിയിച്ചിട്ടും അധിക്ഷേപം തുടരുകയായിരുന്നുവെന്നാണ് പരാതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News