സൈനികരെ അധിക്ഷേപിച്ചു, വിജയ് പി നായര്‍ക്കെതിരെ വീണ്ടും പരാതി
തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വിജയ് പി നായര്‍ക്കെതിരെ വീണ്ടും പരാതി. സൈനികരുടെ സംഘടനയാണ് വിജയ് പി നായര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. യൂട്യൂബ് ചാനലിലൂടെ ഇയാള്‍ സൈനികരെ അധിക്ഷേപിച്ചെന്നാണ് പരാതി. പട്ടാളക്കാർ സ്ത്രീലമ്പടന്മാരും ബലാൽത്സംഗം നടത്തുന്നവരും ആണെന്ന് വീഡിയോയില്‍ വിജയ് പി നായര്‍ പറയുന്നെന്നാണ് പരാതിയിലുള്ളത്. വിജയ് പി നായര്‍ക്കെതിരെ യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ടുള്ള രണ്ടാമത്തെ പരാതിയാണിത്.
അതേസമയം സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോയില്‍ വിജയ് പി നായരെ ലോഡ്‍ജിലെത്തിച്ച് പൊലീസ് തെളിവെടുത്തു. പത്തുമണിയോടെ ഇയാൾ വീഡിയോ ചിത്രീകരിച്ച തമ്പാനൂരിലെ ലോഡ്‍ജ് മുറിയിലെത്തിച്ചാണ് തെളിവെടുത്തത്. തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ച ഇയാളുടെ യൂടൂബ് ചാനൽ പൂട്ടി. കൈയേറ്റ പരാതിയിൽ പൊലീസ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മൊഴിയെടുത്തു. കേരള പൊലീസ് ആക്റ്റിലെ വകുപ്പുകൾക്ക് പുറമെ ഐടി ആക്റ്റ് 67, 67എ വകുപ്പുകൾ പ്രകാരമാണ് നടപടികൾ പുരോഗമിക്കുന്നത്.