24.9 C
Kottayam
Monday, May 20, 2024

എല്ലായിടത്തുനിന്നും വാങ്ങി!ഉത്തരാഖണ്ഡിൽ തകർന്ന തുരങ്കത്തിന്റെ നിർമാണ ചുമതലയുള്ള കമ്പനി ബി.ജെ.പിക്ക് നൽകിയത് 55 കോടി

Must read

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കേ തകര്‍ന്ന സില്‍ക്യാര തുരങ്കത്തിന്റെ നിര്‍മാണം നടത്തിയിരുന്ന കമ്പനി ബി.ജെ.പിക്ക് തിരഞ്ഞെടുപ്പ് ബോണ്ട് വഴി നല്‍കിയത് 55 കോടി രൂപ. ഹൈദരാബാദ് ആസ്ഥാനമായുള്ള നവയുഗ എന്‍ജിനീയറിങ് കമ്പനിയാണ് തുക നല്‍കിയത്. സുപ്രീം കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറുകയും പിന്നീട് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്ത വിവരങ്ങളിലാണ് ഇക്കാര്യം ഉള്ളത്.

ഒരുകോടി രൂപയുടെ 55 ബോണ്ടുകളാണ് നവയുഗ എന്‍ജിനീയറിങ് കമ്പനി വാങ്ങിയത്. 2019 ഏപ്രില്‍ 19-നും ഒക്ടോബര്‍ 10-നും ഇടയിലായിരുന്നു ഇത്. എന്നാല്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ കമ്പനി തയ്യാറായില്ല.

കഴിഞ്ഞ വര്‍ഷം നവംബര്‍ 12-നാണ് ഉത്തരാഖണ്ഡിലെ സില്‍ക്യാരയില്‍ നിര്‍മാണത്തിലിരിക്കുകയായിരുന്ന തുരങ്കം തകര്‍ന്നത്. 41 തൊഴിലാളികളാണ് തുരങ്കത്തിനകത്ത് കുടുങ്ങിയത്. ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷം നവംബര്‍ 28-നാണ് തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്.

ഫെബ്രുവരി 15-നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രഹസ്യമായി സംഭാവന നല്‍കുന്നതിനായി ബി.ജെ.പി. അവതരിപ്പിച്ച തിരഞ്ഞെടുപ്പ് ബോണ്ട് സംവിധാനം സുപ്രീം കോടതി റദ്ദാക്കിയത്. വിവരങ്ങള്‍ രഹസ്യമാക്കി വെക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകളുടെ വിശദാംശങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ കോടതി തിരഞ്ഞെടുപ്പ് ബോണ്ട് വഴി പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറാന്‍ എസ്.ബി.ഐയോടും വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോടും നിര്‍ദേശിച്ചിരുന്നു. വിവരങ്ങള്‍ കൈമാറാന്‍ എസ്.ബി.ഐ. ജൂണ്‍വരെ സമയം നീട്ടി ചോദിച്ചെങ്കിലും സുപ്രീം കോടതി അനുവദിച്ചിരുന്നില്ല. തുടര്‍ന്നാണ് വിവരങ്ങള്‍ പുറത്തുവന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week