കേരളത്തിലെ 2 സ്കൂളുകൾ ഉൾപ്പെടെ 20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി

ന്യൂഡല്‍ഹി: കേരളത്തിലെ രണ്ടു സിബിഎസ്ഇ സ്‌കൂളുകള്‍ ഉള്‍പ്പെടെ 20 സ്‌കൂളുകളുടെ അഫിലിയേഷന്‍ ബോര്‍ഡ് റദ്ദാക്കി. മലപ്പുറം പീവീസ് പബ്ലിക് സ്‌കൂള്‍, തിരുവനന്തപുരം മദര്‍ തെരേസാ മെമ്മോറിയല്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവയ്ക്കാണു അംഗീകാരം നഷ്ടപ്പെട്ടത്.

സിബിഎസ്ഇ മാനദണ്ഡങ്ങള്‍ അനുസരിച്ചാണോ ബോര്‍ഡിനു കീഴിലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നറിയാന്‍ അപ്രതീക്ഷിത പരിശോധനകള്‍ നടത്തിയിരുന്നു. പല സ്ഥാപനങ്ങളും ഡമ്മി വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നല്‍കുന്നുവെന്നും യോഗ്യതയില്ലാത്ത വിദ്യാര്‍ഥികളെ ക്ലാസുകളില്‍ ഇരുത്തുന്നുവെന്നും കണ്ടെത്തിയതായി സിബിഎസ്ഇ സെക്രട്ടറി ഹിമാന്‍ഷു ഗുപ്ത പറഞ്ഞു.

പല സ്ഥാപനങ്ങളും സ്‌കൂള്‍ രേഖകള്‍ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്നു വിശദമായ അന്വേഷണം നടത്തിയാണു സ്‌കൂളുകളുടെ അഫിലിയേഷന്‍ റദ്ദാക്കിയത്.

നടപടി നേരിട്ടവയില്‍ ഡല്‍ഹിയിലെ 5 സ്‌കൂളുകളും യുപിയിലെ 3 സ്‌കൂളുകളും ഉള്‍പ്പെടുന്നു. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ 2 വീതം സ്‌കൂളുകളുമുണ്ട്. രാജ്യത്തെ 3 സ്‌കൂളുകള്‍ക്കെതിരെ തരംതാഴ്ത്തല്‍ നടപടിയും സ്വീകരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News