താന്‍ സംവിധാനം ചെയ്യുന്ന 1921 പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തില്‍ നടന്‍ ജോയ് മാത്യു അഭിനയിക്കുന്നുവെന്നും നാല് ദിവസത്തോളമായി ജോയ് മാത്യു സെറ്റിലെത്തിയിട്ടെന്നും സംവിധായകന്‍ അലി അക്ബര്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ അഭിനയിക്കുന്നതിന് ജോയ് മാത്യുവിന് എതിരെ വലിയ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ജോയ് മാത്യു ചാണക സംഘി എന്ന് തെളിഞ്ഞു എന്നാണ് പല കമന്റുകളും.
സിനിമയുടെ ചിത്രീകരണം വയനാട്ടില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി വേഷമിടുന്നത് തമിഴ് നടന്‍ തലൈവാസല്‍ വിജയി ആണെന്ന് അലി അക്ബര്‍ പറഞ്ഞിരുന്നു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നന്‍’ എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ പ്രഖ്യാപിച്ചത്.
വാരിയംകുന്നത്തിനെ നായക കഥാപാത്രമാക്കിയാണ് ആഷിക് അബുവിന്റെ ചിത്രം. പൃഥ്വിരാജാണ് വാരിയംകുന്നനില്‍ നായകന്‍. 2021 അവസാനം ഈ സിനിമ ചിത്രീകരണം തുടങ്ങുമെന്ന് ആഷിക് അബു അറിയിച്ചിരുന്നു.
മമധര്‍മ്മ എന്ന പേരില്‍ ബാനര്‍ രൂപീകരിച്ച് ആളുകളില്‍ നിന്ന് പണം സമാഹരിച്ചാണ് സംഘപരിവാര്‍ സഹയാത്രികനായ അലി അക്ബര്‍ സിനിമ നിര്‍മ്മിക്കുന്നത്. ഒരു കോടിക്ക് മുകളിലാണ് പണം സമാഹരിച്ചത്.