KeralaNews

ജീവനക്കാരന്റെ തലയില്‍ തേങ്ങ കൊണ്ട് അടിച്ച് പരുക്കേല്പിച്ചു; ശബരിമല സന്ദര്‍ശനത്തിന് എത്തിയ ആള്‍ പിടിയില്‍

ശബരിമല: ശബരിമല താത്കാലിക ജീവനക്കാരനെ തേങ്ങ കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്പിച്ചയാള്‍ പിടിയില്‍. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി ശ്രീറാം (32) എന്നയാളെയാണ് പമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് സന്നിധാനം പൊലീസിനു കൈമാറി. താത്കാലിക ജീവനക്കാരനായ കോഴിക്കോട് ഉള്ള്യേരി സ്വദേശി ബിനീഷിനെയാണ് ഇയാള്‍ ആക്രമിച്ചത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെ മാളികപ്പുറം നടയ്ക്ക് സമീപമായിരുന്നു സംഭവം. ഒരു മണിക്ക് നട അടച്ചതിനെ തുടര്‍ന്ന് ബിനീഷും മറ്റ് തൊഴിലാളികളും ചേര്‍ന്ന് പരിസരവും കഴുകി വൃത്തിയാക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു സംഘം ആളുകള്‍ ദര്‍ശനത്തിനായി എത്തിയത്.

മാളികപ്പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച ഇവരെ ബിനീഷ് തടയുകയും ശുചീകരണ പ്രവര്‍ത്തനം കഴിഞ്ഞ് മാത്രമേ ദര്‍ശനം നടത്താന്‍ സാധിക്കൂ എന്ന് അറിയിക്കുകയും ചെയ്തു. ഇതില്‍ ക്ഷുഭിതനായ ഒരാള്‍ ബിനീഷിന്റെ തലയ്ക്ക് തേങ്ങ കൊണ്ട് അടിക്കുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ ബിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീറാമിനെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button