FeaturedKeralaNews

സംസ്ഥാനത്ത് സംഘര്‍ഷ സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്; പോലീസിന് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് സംഘര്‍ഷ സാധ്യതയെന്ന ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പോലീസിന് ജാഗ്രതാ നിര്‍ദേശം. പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് സംഘര്‍ഷ സാധ്യതയ്ക്കുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആര്‍എസ്എസ്, എസ്ഡിപിഐ മേഖലകളില്‍ പ്രത്യേക ജാഗ്രത വേണമെന്നാണ് നിര്‍ദേശം. തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗവും ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു.

അതേസമയം ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്‍ വധക്കേസില്‍ കൊലയാളികള്‍ ഉപയോഗിച്ചത് വീട്ടമ്മയുടെ പേരിലുള്ള സിം കാര്‍ഡെന്ന് അന്വേഷണ സംഘം കണ്ടെത്തി. വീട്ടമ്മയുടെ രേഖകള്‍ ഉപയോഗിച്ച് കടക്കാരനും കൊലയാളി സംഘവും ചേര്‍ന്ന് സിം കാര്‍ഡ് എടുക്കുകയായിരുന്നു. ഈ സിം കാര്‍ഡാണ് കൊലയാളി സംഘം നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് വീട്ടമ്മയെ പൊലീസ് ചോദ്യം ചെയ്തു.

ഇതിനിടയില്‍ പൊലീസ് സ്റ്റേഷന്‍ ബോധരഹിതയായി. വീട്ടമ്മയെ വീട്ടിലെത്തി ചോദ്യം ചെയ്ത അന്വേഷണം സംഘം ഇവരെ പൊലീസ് സ്റ്റേഷനുകളിലേക്കും വിളിപ്പിച്ചു. പൊലീസ് സ്റ്റേഷനില്‍ എത്തിയ വീട്ടമ്മ ബോധരഹിതയായി വീഴുകയായിരുന്നു. തുടര്‍ന്ന് വീട്ടമ്മയുടെ നിരപരാധിത്വം പൊലീസിന് ബോധ്യപ്പെട്ടു. ഇതൊടൊപ്പം കൊലയാളികള്‍ ഉപയോഗിച്ച മറ്റ് സിം കാര്‍ഡുകളും നിരപരാധികളായവരുടെ പേരില്‍ എടുത്തവയാണെന്നാണ് വിവരം.

അതേസമയം രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി പോലീസ് കസ്റ്റഡിയില്‍. ഗൂഢാലോചനയില്‍ പങ്കെടുത്ത വലിയമരം സ്വദേശി സൈഫുദ്ദീന്‍, പ്രതികള്‍ക്ക് വ്യാജ സിം കാര്‍ഡ് സംഘടിപ്പിച്ച് നല്‍കിയ പുന്നപ്ര സ്വദേശി മുഹമ്മദ് ബാദുഷാ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രഞ്ജിത് വധക്കേസില്‍ ഇതോടെ ആറുപേര്‍ പിടിയിലായത്. കേസില്‍ നാല് പേരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ആലപ്പുഴയില്‍ രഞ്ജിത്ത് കൊലപ്പെടുന്നത്. ഷാന്റെ കൊലപാതകത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. മണ്ണഞ്ചേരി പൊന്നാട് കാവച്ചിറവീട്ടില്‍ പ്രസാദ് എന്നു വിളിക്കുന്ന രാജേന്ദ്രപ്രസാദ് (39), കാട്ടൂര്‍ കുളമാക്കിവെളിയില്‍ കുട്ടന്‍ എന്നുവിളിക്കുന്ന രതീഷ് (31) എന്നിവരാണ് അറസ്റ്റിലായത്.

രഞ്ജിത്തിന്റെ ശരീരത്തില്‍ മുപ്പതോളം മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഇരുപതിലധികം ആഴത്തിലുള്ള മുറിവുകള്‍ മരണത്തിന് കാരണമായി. ക്രൂരമായ ആക്രമണമാണ് രഞ്ജിത്തിന് നേരെ ഉണ്ടായത്. തലയോട്ടി തകര്‍ന്നു, തലച്ചോറിന് ക്ഷതമേറ്റു, മുഖം വികൃതമായി. ചുണ്ടുകളും നാവും കീഴ്ത്താടിയും മുറിഞ്ഞുപോകുന്ന വിധത്തിലുള്ള വെട്ടുകള്‍, വലത് കാലില്‍ അഞ്ചോളം വെട്ടുകള്‍. തലയിലും കഴുത്തിലും ഏറ്റ ഗുരുതരമായ മുറിവാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker