തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. വെന്റിലേറ്ററടക്കം സഹായം വേണമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു.
കൊവിഡ് രോഗികള്‍ വര്‍ധിച്ചതോടെ സംസ്ഥാനത്ത് വെന്റിലേറ്ററുകള്‍ നിറയുകയാണ്. പല ജില്ലകളിലേയും സര്‍ക്കാര്‍ ആശുപത്രികളില്‍ വളരെ കുറച്ച് വെന്റിലേറ്ററുകളും ഐസിയു കിടക്കകളും മാത്രമാണ് അവശേഷിക്കുന്നത്.
സ്വകാര്യ മേഖലയിലെ 85 ശതമാനം കോവിഡ് കിടക്കകളും നിറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ഐസിയു കിടക്കള്‍ നിറഞ്ഞു. നാല് വെന്റിലേറ്ററുകള്‍ മാത്രമാണ് ഇവിടെയുള്ളത്. 90 ശതമാനം ഓക്‌സിജന്‍ കിടക്കളും നിറഞ്ഞു.
പാരിപ്പള്ളിയും കോഴിക്കോട്ടും സമാനസ്ഥിതിയാണ്. പാരിപ്പള്ളിയില്‍ 52 കോവിഡ് ഐസിയു കിടക്കളിലും രോഗികളുണ്ട്. 38 വെന്റിലേറ്ററുകളില്‍ 26 എണ്ണത്തിലും രോഗികളുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഏഴ് ഐസിയു കിടക്കള്‍ മാത്രമാണ് ഉള്ളത്. കോഴിക്കോട് 40 വെന്റിലേറ്ററുകളില്‍ 31ലും രോഗികളുണ്ട്.