‘സായിപ്പിന്റെ കയ്യീന്ന് കിട്ടിയതിന്റെ പകുതി എനിക്ക് വേണം’; ചിത്രം സിനിമയിലെ ബാലതാരം ശരണ്‍ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം: ചിത്രം സിനിമയിലൂടെ ബാലതാരമായി എത്തിയ ശരണ്‍ കുഴഞ്ഞുവീണ് മരിച്ചു. കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നു രാവിലെ കുഴഞ്ഞുവീഴുകയായിരുന്നു. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊവിഡ് പരിശോധനാ ഫലം വന്നതിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

പ്രിയദര്‍ശന്റെ ‘ചിത്രം’ സിനിമയില്‍ ബാലതാരമായി അഭിനയിച്ച ശരണിന്റെ വേഷം ശ്രദ്ധേയമായിരുന്നു. സായിപ്പിന്റെ കയ്യില്‍ നിന്നു കിട്ടിയതിന്റെ പകുതി തനിക്ക് കിട്ടണം എന്ന് മോഹന്‍ലാലിനോട് പറയുന്ന ശരണിനെ ചിത്രം കണ്ടവരാരും മറക്കില്ല. എന്നാല്‍ അഭിനയ രംഗത്ത് പിന്നീട് സജീവമായില്ല ശരണ്‍.

ശരണിന്റെ വിയോഗത്തില്‍ നടന്‍ മനോജ്.കെ.ജയന്‍ അനുശോചിച്ചു. ‘മൂന്നു മാസം മുന്‍പ് സംസാരിച്ചിരുന്നു. ഒരുപാട് ഓര്‍മകളും കുറേ വിഷമങ്ങളും പങ്കുവച്ചു. ഇത്ര പെട്ടന്ന് യാത്രയാകും എന്നു കരുതിയില്ല’. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സിനിമ, സീരിയല്‍ മേഖലയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും ശരണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ശരണ്‍ കുടുംബത്തോടൊപ്പം കടയ്ക്കല്‍ ചിതറയിലായിരുന്നു താമസം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News