KeralaNews

ചില കാര്യങ്ങള്‍ തെറ്റാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ചെയ്യുന്നു; ട്രേഡ് യൂണിയനുകളുടെ പ്രവര്‍ത്തനത്തില്‍ തിരുത്തല്‍ വേണമെന്ന് മുഖ്യമന്ത്രി

കൊച്ചി: ട്രേഡ് യൂണിയനുകളുടെ പ്രവര്‍ത്തനത്തില്‍ തിരുത്തല്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറേ നാളുകളായി നമ്മള്‍ ഇതൊക്കെ ചെയ്യുന്നു. ചില കാര്യങ്ങള്‍ തെറ്റാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ചെയ്യുന്നു. തെറ്റുകള്‍ ഇനിയും തുടര്‍ന്നാല്‍ പല മേഖലകളെയും ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ കേരള വികസന നയരേഖ അവതരിപ്പിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് പരാമര്‍ശം.

ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തില്‍ തിരുത്തലുകള്‍ വേണമെന്ന് കുറെ നാളുകളായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ തിരുത്തലുകള്‍ ഫലപ്രദമായി നടക്കുന്നില്ല. തിരുത്തല്‍ അനിവാര്യമാണ്. തിരുത്തല്‍ ഉണ്ടായില്ലെങ്കില്‍ കേരള വികസനകാര്യങ്ങളില്‍ ഉള്‍പ്പെടെ ബാധിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. വികസനകാര്യത്തില്‍ വിദേശ മൂലധന നിക്ഷേപം സ്വീകരിക്കുന്നതും, ഉന്നത വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ സ്വകാര്യപങ്കാളിത്തം കൂട്ടണമെന്നും വികസന നയരേഖ മുന്നോട്ടുവെക്കുന്നു.

ഉന്നത വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശത്ത് നിന്നുള്‍പ്പടെ ആര്‍ക്കും വന്ന് പഠിക്കാനുതകുന്ന തരത്തില്‍ കേരളത്തെ ആകര്‍ഷക കേന്ദ്രമാക്കണം. സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും വന്‍കിട വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ വേണം. ഉന്നത വിദ്യാഭ്യാസ മേഖലയെ ഉത്പാദന മേഖലയുമായി ബന്ധിപ്പിക്കണമെന്നും വികസന നയരേഖ ആവശ്യപ്പെടുന്നു.

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഭാവി കേരളത്തിനായുള്ള വികസന നയരേഖ അവതരിപ്പിച്ചത്. കേരളത്തിന്റെ 25 വര്‍ഷത്തെ വികസനം മുന്നില്‍ കണ്ടുള്ള നിര്‍ദേശങ്ങളാണ് നയരേഖയിലുള്ളത്. വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കണമെന്നും നയരേഖയില്‍ പറയുന്നു. പരമ്പരാഗത വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കുക, വ്യവസായങ്ങള്‍ക്ക് പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുക, ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുക തുടങ്ങിയവ വികസനരേഖ മുന്നോട്ടുവെക്കുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ കേരള വികസനം സംബന്ധിച്ച പാര്‍ട്ടി നിലപാട് ഒരു രേഖയായി അവതരിപ്പിക്കുന്നത്. 37 വര്‍ഷം മുമ്പ് എറണാകുളത്ത് തന്നെ നടന്ന സമ്മേളനത്തില്‍ എം വി രാഘവന്‍ അവതരിപ്പിച്ച ബദല്‍ രേഖയ്ക്ക് ശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ടിനൊപ്പം ഒരു നയരേഖ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. തുടര്‍ ഭരണത്തില്‍ നിന്ന് തുടര്‍ച്ചയായ ഭരണത്തിലേക്ക് എന്ന ലക്ഷ്യത്തോടെ അവതരിക്കുന്ന നയരേഖയില്‍ കേരളത്തിന്റെ വികസനത്തിനാകും മുഖ്യ പരിഗണനയെന്ന് നേതാക്കള്‍ തന്നെ വ്യക്തമാക്കിയിരുന്നു.

വിദ്യാഭ്യാസ മേഖലയിലുള്‍പ്പടെ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ഉദാര സമീപനമാണ് ലക്ഷ്യമെന്ന് കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍ നേരത്തെ പറഞ്ഞിരുന്നു. അടിസ്ഥാന നയങ്ങളില്‍ വെള്ളം ചേര്‍ക്കാതെയാകും നയരേഖയെന്നും സിപിഎം നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. സിഐടിയുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് നയരേഖയ്‌ക്കൊപ്പം അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലുള്ളത്. തൊഴിലാളികളെ സംഘടന അവകാശബോധം മാത്രം പഠിപ്പിക്കുന്നു. അതുപോരാ, തൊഴിലാളികളില്‍ ഉത്തരവാദിത്ത ബോധം കൂടി ഉണ്ടാക്കണം. അതാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. കോവിഡ് കാലത്ത് ഡിവൈഎഫ്‌ഐ അടക്കം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു എന്നും റിപ്പോര്‍ട്ടില്‍ പ്രശംസിച്ചിട്ടുണ്ട്.

നയരേഖയിന്മേലുള്ള ചര്‍ച്ച നാളെ നടക്കും. സിപിഎം സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച പാര്‍ട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടക്കും. വൈകീട്ട് ആറര വര്‍ച്ച ചര്‍ച്ച നടക്കും. തുടര്‍ന്ന് ചര്‍ച്ചയ്ക്ക് കോടിയേരി മറുപടി നല്‍കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button