തിരുവനന്തപുരം:തിരഞ്ഞെടുപ്പ് പരാജയം, കുഴൽപ്പണക്കേസിൽ പാർട്ടിക്കെതിരേയുള്ള ആരോപണം എന്നിവ അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ബി.ജെ.പിയിൽ ആവശ്യം. എന്നാൽ, ലോക്ഡൗണും കോവിഡും തുടരുന്ന സാഹചര്യത്തിൽ എല്ലാവരേയും വിളിച്ചുകൂട്ടി കാര്യമായ ചർച്ചയ്ക്കു ഉടനടി സാധ്യതയില്ലെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്.
കേരളത്തിലെ സംഭവവികാസങ്ങളെപ്പറ്റി കേന്ദ്രം ഇതുവരെ വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെങ്കിലും എല്ലാവിവരങ്ങളും നേതൃത്വത്തിന് മുൻപിലെത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പരാജയത്തെപ്പറ്റി യു.ഡി.എഫ്. പല ചർച്ചകളും അവലോകനങ്ങളും നടത്തി പരിഹാരനടപടികൾ ആലോചിച്ചെങ്കിലും എൻ.ഡി.എ.യിൽ അത്തരത്തിലൊന്ന് ഉണ്ടായില്ലെന്നാണ് ഒരുവിഭാഗം നേതാക്കൾ പറയുന്നത്. കോവിഡ് ഇത്രരൂക്ഷമായിരിക്കെ, വിശാലമായ യോഗം അസാധ്യമാണെന്ന് നേതൃത്വത്തെ അനുകൂലിക്കുന്നവർ പറയുന്നു. ജില്ലാതല അവലോകനയോഗങ്ങൾ പൂർത്തിയാക്കി. പരാജയത്തിന്റെ കാരണങ്ങൾ മണ്ഡലംതലത്തിൽ വിലയിരുത്തുന്നത് മിക്കജില്ലകളിലും പൂർത്തിയായി വരുന്നു.
എന്നാൽ, വോട്ടെണ്ണൽ കഴിഞ്ഞ് ബുധനാഴ്ച ഒരുമാസം തികയുമ്പോഴും പാർട്ടിയുടെ പഠനം ഇതുവരെ പൂർത്തിയായില്ലെന്നാണ് ഉയരുന്ന ആക്ഷേപം. ഓൺലൈനിൽ അല്ലാതെ കോർകമ്മിറ്റിയടക്കമുള്ള യോഗങ്ങൾ വിളിക്കണമെന്നാണ് ആക്ഷേപം ഉന്നയിക്കുന്നവരുടെ ആവശ്യം.
പാലക്കാട്ട് ഇ. ശ്രീധരന്റെ തോൽവിയിൽ കേന്ദ്രം വിശദീകരണം തേടുന്നു എന്നവിവരവും പുറത്തുവരുന്നുണ്ട്. രാജ്യം അറിയപ്പെടുന്ന ഇ. ശ്രീധരനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും പ്രത്യേക താത്പര്യപ്രകാരമാണ് സ്ഥാനാർഥിയാക്കിയത്. മറ്റുമുന്നണികളുടെ സമീപനത്തിനു വിരുദ്ധമായി, ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയാണ് പ്രചാരണം തുടങ്ങിയതും. സാമൂഹിക, സാമുദായിക സമവാക്യങ്ങളും ഇ. ശ്രീധരന്റെ ടെക്‌നോക്രാറ്റ് എന്ന നിലയിലുള്ള ജനപിന്തുണയും കാര്യങ്ങൾ അനുകൂലമാക്കുമെന്നായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ പ്രതീക്ഷ.
പക്ഷേ, വോട്ടുകൂടുമെന്ന പലതരത്തിലുള്ള കണക്കുകൂട്ടലുകളും പിഴച്ചു. ഇവിടെ യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിലിന് വോട്ടുമറിച്ചെന്ന ആരോപണം ചിലർ ഉയർത്തുന്നുണ്ടെങ്കിലും യഥാർഥകാരണങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളു.