പറവൂര്‍: എറണാകുളം ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനല്‍ പറവൂര്‍ മുനിസിപ്പല്‍ പഴയ പാര്‍ക്കില്‍ സംഘടിപ്പിച്ച ചര്‍ച്ചയ്ക്കിടെ സംഘര്‍ഷം. കൈയ്യേറ്റത്തില്‍ പരിക്കേറ്റ് രണ്ട് യു.ഡി.എഫ്. പ്രവര്‍ത്തകരെയും രണ്ട് എല്‍.ഡി.എഫ്. പ്രവര്‍ത്തകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനാണ് ചാനല്‍ ചര്‍ച്ച സംഘടിപ്പിച്ചത്. ഇത് ലൈവായി സംപ്രേഷണവും ചെയ്തിരുന്നു. യു.ഡി.എഫിനു വേണ്ടി ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസും എല്‍.ഡി.എഫിനു വേണ്ടി സി.പി.എം. ജില്ലാ കമ്മിറ്റിയംഗം കെ.എന്‍. ഗോപിനാഥും എന്‍.ഡി.എയ്ക്കു വേണ്ടി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജുവുമാണ് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.
എല്‍.ഡി.എഫിന്റെ പ്രതിനിധി കെ.എന്‍. ഗോപിനാഥ് മറുപടി പറയവേയാണ് മറുപടിയെ ചോദ്യംചെയ്ത് കോണ്‍ഗ്രസിന്റെ നഗരസഭാ കൗണ്‍സിലര്‍ രംഗത്തെത്തിയത്. ഇത് തടയാന്‍ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ എത്തിയതോടെ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ചാനല്‍ ചര്‍ച്ച ഒരു മണിക്കൂര്‍ പൂര്‍ത്തിയാക്കി. പിന്നീട് സംഘര്‍ഷം റോഡിലാണുണ്ടായത്.
സംഘര്‍ഷത്തില്‍ പരിക്കേറ്റ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചര്‍ച്ചയ്ക്കിടെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണ് പ്രകോപനമുണ്ടാക്കിയതെന്ന് യു.ഡി.എഫ്. ആരോപിക്കുന്നു. നേതാക്കള്‍ ഇടപെട്ട് സംഘര്‍ഷത്തിന് അയവ് വരുത്തിയെങ്കിലും പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐക്കാര്‍ കൈയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം.
കൈയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. ഇരുകൂട്ടരും പറവൂര്‍ ടൗണില്‍ പ്രകടനം നടത്തി.