കോട്ടയം: കോട്ടയം തിരുവാർപ്പിലെ ബസ് സമരത്തിൽ തീരുമാനമാകാതെ അനുരഞ്ജന ചർച്ച. ഇന്ന് നടന്ന രണ്ടാംഘട്ട ചർച്ചയിൽ നിന്ന് ബസ് ഉടമ രാജ് മോഹൻ ഇറങ്ങിപ്പോയി. രാജ്മോഹനെ പെരുവഴിയിൽ മർദിച്ച സി.പി.എം നേതാവ് കെ.ആർ. അജയ് ചർച്ചയിൽ പങ്കെടുത്തതാണ് ഇറങ്ങിപ്പോകലിന് കാരണം.
കഴിഞ്ഞ ഞായറാഴ്ച രാജ്മോഹനെ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിം അംഗം കെ.ആർ അജയ് മർദിച്ചിരുന്നു. ചർച്ചയിൽ പങ്കെടുക്കാൻ അജയുമെത്തിയിരുന്നു. എന്നാൽ, തന്നെ മർദിച്ച ആൾക്കൊപ്പം ചർച്ചക്കില്ലെന്ന് വ്യക്തമാക്കി ബസുടമ ഇറങ്ങിപ്പോയി. സി.ഐ.ടി.യുവിന്റേത് നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും തന്നെ ഭീഷണിപ്പെടുത്തി സമ്മതിപ്പിക്കാനുള്ള ശ്രമം ആണെന്നും രാജ്മോഹൻ പറഞ്ഞു.
‘പെരുവഴിയിൽ ആക്രമിച്ച പ്രതിയെ ചർച്ചയ്ക്ക് കൊണ്ടുവന്ന് മുന്നിലിരുത്തിയിരിക്കുന്നു. അതും കോടതിയലക്ഷ്യ കേസ് നേരിടുന്ന പ്രതിയെ. ഇതാണ് ഇവിടത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനങ്ങൾ. ലജ്ജിച്ച് തലതാഴ്ത്തണം. ഇന്ത്യാ രാജ്യത്തിന് വേണ്ടി സൈനിക സേവക മെഡലും സ്പെഷ്യൽ സർവീസ് മെഡലും വാങ്ങിയ വ്യക്തിയാണ് ഞാൻ. ആ എനിക്ക് പേടിക്കാൻ പറ്റില്ല. മരണംവരെ ഇവിടെ ജീവിക്കും. സാധാരണക്കാർക്കും കർഷകർക്കും എല്ലാവർക്കും വേണ്ടി ഞാൻ പോരാടും’, രാജ് മോഹൻ മാധ്യങ്ങളോട് പറഞ്ഞു.
രാജ്മോഹൻ ചർച്ച ബഹിഷ്കരിച്ചെങ്കിലും സി.ഐ.ടി.യു. നേതാക്കളും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും തമ്മിലുള്ള ചർച്ച ഉച്ചയ്ക്ക് പന്ത്രണ്ടരവരെ നീണ്ടു. വൈകിട്ട് മൂന്നരയ്ക്ക് വീണ്ടും ചർച്ച തുടരും. കെ.ആർ. അജയ് ചർച്ചയിൽ പങ്കെടുക്കുന്നില്ലെങ്കിൽ രാജ്മോഹൻ പങ്കെടുത്തേക്കുമെന്നാണ് വിവരം.