26.8 C
Kottayam
Monday, April 29, 2024

വരുന്നൂ പൗരത്വഭേദഗതി നിയമം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാൻ കേന്ദ്രനീക്കം

Must read

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് വിജ്ഞാപനം ചെയ്യാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ചട്ടങ്ങള്‍ ഉടന്‍ വിജ്ഞാപനം ചെയ്യുമെന്നും അതിനുശേഷം നിയമം രാജ്യത്ത് നടപ്പാക്കാന്‍ കഴിയുമെന്നും കേന്ദ്രസര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിയമം നടപ്പാക്കുന്നതോടെ യോഗ്യതയുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയായിരിക്കും. ഇതിനുള്ള പോര്‍ട്ടലും സജ്ജമാണ്. പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വര്‍ഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരില്‍ നിന്ന് രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങള്‍ക്കിടെ 2019 ഡിസംബറിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പൗരത്വഭേദഗതി നിയമം (സിറ്റിസണ്‍ഷിപ്പ് അമന്‍ഡ്‌മെന്റ് ആക്റ്റ്-സി.എ.എ) പാര്‍ലമെന്റില്‍ പാസാക്കിയത്. നിയമം പാസാക്കിയ ശേഷവും പ്രതിഷേധങ്ങള്‍ രാജ്യത്ത് തുടര്‍ന്നു. നിയമം പാസാക്കി നാല് വര്‍ഷമായിട്ടും സി.എ.എയ്ക്കായുള്ള ചട്ടങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാതെ നിയമം നടപ്പാക്കുന്നത് അസാധ്യമാണ്.

പൗരത്വഭേദഗതി നിയമപ്രകാരം 2014 ഡിസംബര്‍ 31-ന് മുമ്പ് ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് മതപരമായ പീഡനത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.

സി.എ.എ. നടപ്പാക്കുന്നത് തടയാന്‍ ആര്‍ക്കും സാധ്യമല്ലെന്ന് 2023 ഡിസംബര്‍ 27-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിച്ചിരുന്നു. സി.എ.എ.നടപ്പാക്കുക എന്നത് ബി.ജെ.പിയുടെ പ്രതിജ്ഞാബദ്ധതയാണെന്നും ഷാ കൊല്‍ക്കത്തയില്‍ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week