ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ. ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സി.ബി.ഐ. കുറ്റപത്രം. കമ്മിഷണര്‍ ആർ. രാജീവനും ആര്‍.ബി. ശ്രീകുമാറും നിർദേശം നൽകിയിട്ടാണ് നമ്പി നാരായണനെ പ്രതിയാക്കിയത്. ചാര പ്രവര്‍ത്തനം നടത്തിയതിന് തെളിവില്ലെന്നും മുന്‍ ഐ.ബി. അസി. ഡയറക്ടര്‍ വിനോദ് കുമാറിന്റെ മൊഴി.
രണ്ട് ആഴ്ച മുമ്പാണ് മുന്‍ ഡി.ജി.പി. സിബി മാത്യൂസ് അടക്കം അഞ്ച് ഉദ്യോഗസ്ഥർ പ്രതികളായ കുറ്റപത്രം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. സ്‌പെഷ്യല്‍ ബ്രാഞ്ച് മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന എസ്. വിജയന്‍ ഹോട്ടൽ റെയ്ഡ് ചെയ്യുന്നതിനിടെയാണ് മറിയം റഷീദയെ കാണുന്നത്. വിജയന്‍ മറിയം റഷീദയെ കടന്നുപിടിച്ചത് എതിര്‍ത്തതിലുള്ള പ്രതികാരത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും കുറ്റപത്രത്തിൽ പറയുന്നു.
മറിയം റഷീദ ആദ്യം അറസ്റ്റിലായതിന്റെ പിറ്റേന്ന് മുതല്‍ വാര്‍ത്തകള്‍ വന്നു തുടങ്ങിയിരുന്നു. കോടതി വീണ്ടും കസ്റ്റഡി നല്‍കാത്തത് കൊണ്ടാണ് ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്. കമ്മിഷണര്‍ ആർ. രാജീവനും മുന്‍ ഗുജറാത്ത് ഡി.ജി.പി.യും ഐ.ബി.യുടെ ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന ആര്‍.ബി. ശ്രീകുമാറുമാണ് കേസെടുക്കാൻ നിർദേശം നൽകിയത്. സി.ഐ. ആയിരുന്ന എസ്. വിജയന്റെ സൃഷ്ടിയായിരുന്നു ചാരക്കേസെന്നും സി.ബി.ഐ.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നമ്പി നാരായണനെ പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദനമേറ്റു. കേരള പോലീസ് മുന്‍ ഡിവൈ.എസ്.പി. കെ.കെ. ജോഷ്വായാണ് ആശുപത്രിയിൽ എത്തിക്കാനുള്ള സംവിധാനമൊരുക്കിയത്. ഇനി മർദിച്ചാൽ നമ്പി നാരായണൻ മരിച്ചുപോകുമെന്ന സ്ഥിതിയായിരുന്നു എന്ന് ഡോക്ടർ മൊഴി നൽകിയതായും സിബി.ഐ വ്യക്തമാക്കി.