ബെൽജിയം : ടൗണിലെ ക്രിസ്മസ് അലങ്കാരങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരിക്കുന്നത്. ക്രിസ്മസ് അലങ്കാരത്തിന്റെ ഭാഗമായി ടൗണിൽ സ്ഥാപിച്ച ദീപാലങ്കാരങ്ങളാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തി വൈറലായത്.
ബൾബുകൾക്ക് ലിംഗത്തിന്റെ രൂപമാണെന്നതാണ് ചിരിയിൽ കലർന്ന വിവാദമായത്. ഏതായാലും ബൾബുകൾ വിവാദം സൃഷ്ടിച്ചപ്പോൾ പെട്ടുപോയത് പ്രാദേശിക ഭരണകൂടമാണ്.
ക്രിസ്മസ് കാലം എത്തിയതോടെയാണ് ഈ ആഴ്ച ആദ്യം ഡെൻബർഗിൽ ദീപാലങ്കാരങ്ങൾ സജ്ജീകരിച്ചത്. മെഴുകുതിരികളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ആയിരുന്നു ചെറിയ ബൾബുകൾ കൊണ്ട് ദീപാലങ്കാരങ്ങൾ നടത്തിയത്. പക്ഷേ, ദീപാലങ്കാര പണികൾ കഴിഞ്ഞു വന്നപ്പോൾ അത് കണ്ടവർക്ക് പെട്ടെന്ന് മെഴുകുതിരിയുടെ രൂപം ഓർക്കാൻ കഴിഞ്ഞില്ല, പകരം മനസിലേക്ക് വന്നത് വേറെ ചില രൂപങ്ങളാണ്.
രാജ്യത്തിന്റെ വെസ്റ്റ് ഫ്ലാണ്ടേഴ്സ് പ്രവിശ്യയിലെ ഡെൻബർഗിലെ ചെറിയ ടൗണിലെ തെരുവുകളിൽ ഇത്തരത്തിലുള്ള തൊണ്ണൂറോളം ദീപാലങ്കാരങ്ങൾ ഉണ്ടെന്നാണ് ബെൽജിയൻ ന്യൂസ് പേപ്പർ ആയ എച്ച് എൽ എൻ റിപ്പോർട്ട് ചെയ്യുന്നത്. പ്രാദേശികമായും രാജ്യാന്തരമായും ദീപാലങ്കാരത്തിന്റെ ചിത്രങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെ മാപ്പ് അപേക്ഷയുമായി മേയർ തന്നെ രംഗത്തെത്തി.