എതിര്‍ സ്ഥാനാര്‍ത്ഥിയായ മകള്‍ കാറിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു; പാലക്കാട് പരാതിയുമായി അമ്മ

പാലക്കാട്: പാലക്കാട് നഗരസഭയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി മിനി കൃഷ്ണകുമാര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയുമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മിനിയുടെ അമ്മയുമായ വിജയകുമാരി രംഗത്ത്. മിനി കൃഷ്ണകുമാറിനും, ഭര്‍ത്താവും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി കൃഷ്ണ കുമാറിനും എതിരെ ഇന്നലെ വിജയകുമാരിയും മകള്‍ സിനിയും വാര്‍ത്ത സമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാറിടിപ്പിക്കാന്‍ ശ്രമിച്ചു എന്ന് കാണിച്ച് പലക്കാട് ടൗണ്‍ നോര്‍ത്ത് സ്റ്റേഷനില്‍ അവര്‍ പരാതി നല്‍കിയിരിക്കുന്നത്.

സി കൃഷ്ണ കുമാറിനും, ഭാര്യ മിനി കൃഷ്ണകുമാറിനും എതിരെ നിരവധി ആരോപണങ്ങളും ഇന്നലെ ഇവര്‍ വാര്‍ത്ത സമ്മേളനത്തില്‍ ഉയര്‍ത്തിയിരുന്നു. ഇന്നലെ രാത്രിയില്‍ റോഡരികില്‍ നില്‍ക്കുന്ന വിജയകുമാരിക്ക് നേരെ അമിത വേഗതയില്‍ മിനി കൃഷ്ണകുമാര്‍ കാര്‍ ഓടിച്ച് വന്നൂ എന്നും തുടര്‍ന്ന് അസഭ്യം പറഞ്ഞൂ എന്നുമാണ് പുതിയ പരാതി. പരാതി ഒതുക്കി തീര്‍ക്കാന്‍ പാലക്കാട് നോര്‍ത്ത് പോലീസ് ശ്രമിച്ചെന്ന് മിനിയുടെ സഹോദരി സിനി പറഞ്ഞു.

നോര്‍ത്ത് പോലീസ് പരാതി സ്വീകരിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്നാണ് മിനി കൃഷ്ണകുമാറിന്റേയും സി കൃഷ്ണകുമാറിന്റെയും നിലപാട്. മകളായ ബിജെപി സ്ഥനാര്‍ത്ഥി മിനി കൃഷ്ണകുമാറിനെതിരെ വ്യാപക പ്രചാരണം നടത്തനാണ് അമ്മയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ വിജയകുമാരിയുടെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News