24.8 C
Kottayam
Monday, May 20, 2024

ഒന്നും രണ്ടും അടിയല്ല,ചൈന കയ്യേറിയത് കിലോമീറ്ററുകളോളം ഇന്ത്യന്‍ മണ്ണ്,ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്

Must read

ന്യൂഡല്‍ഹി:ഇന്ത്യയും ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം മാറ്റമില്ലാതെ തുടരവെ വിഷയത്തില്‍ ചൈനയാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്.ചൈന കയ്യേറിയ ഇന്ത്യന്‍ അതിര്‍ത്തി കിലോമീറ്ററുകളോളം , ചൈനയുടെ വാദങ്ങള്‍ പൊളിച്ചടക്കി കയ്യേറ്റത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍. ഗല്‍വാന്‍ താഴ്‌വരയിലെ യഥാര്‍ഥ നിയന്ത്രണ രേഖയുടെ (എല്‍എസി) ഇരുഭാഗങ്ങളിലും ചൈനീസ് കെട്ടിടങ്ങളുള്ളതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. പുതുതായി പുറത്തുവന്ന ഹൈ റെസല്യൂഷന്‍ ഉപഗ്രഹ ചിത്രങ്ങളിലാണ് ചൈനീസ് സൈനികരെയും നിര്‍മാണപ്രവര്‍ത്തനങ്ങളും കാണാനാകുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ജൂണ്‍ 15 ന് ഏറ്റുമുട്ടലുണ്ടായെന്നു കരുതുന്ന പട്രോള്‍ പോയിന്റ് 14 ന് സമീപത്തെ ചിത്രങ്ങളാണു പുറത്തുവന്നത്. മേയ് 22ലെ ഉപഗ്രഹ ചിത്രം പരിശോധിച്ചാല്‍ ഒരു ടെന്റ് മാത്രമാണു സ്ഥലത്തുള്ളത്. പട്രോള്‍ പോയിന്റ് 14 നു ചുറ്റും കയ്യേറ്റം നടന്നിട്ടുള്ളതായാണ് അടയാളങ്ങള്‍ കാണിക്കുന്നതെന്ന് അഡിഷനല്‍ സര്‍വേയര്‍ ജനറല്‍ ഓഫ് ഇന്ത്യ ആയിരുന്ന റിട്ട. മേജര്‍ ജനറല്‍ രമേഷ് പാദി വ്യക്തമാക്കി. വലിയ വാഹനങ്ങളുടെ സഞ്ചാരവും ചിത്രങ്ങളില്‍ കാണാം. പ്രദേശത്തു വിന്യാസം തുടരാന്‍ ചൈനീസ് സൈന്യത്തിന് ഉദ്ദേശമുണ്ടാകാമെന്നും അദ്ദേഹം വിലയിരുത്തി.

എല്‍എസിക്ക് ഒരു കിലോമീറ്റര്‍ മാത്രം അകലെ ഗല്‍വാന്‍ നദിക്കു കുറുകെ ചെറുപാലങ്ങള്‍ നിര്‍മിച്ചിട്ടുള്ളതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 16 ലെ ഒരു ഉപഗ്രഹ ചിത്രത്തില്‍ ഗല്‍വാന്‍ നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്താന്‍ ബുള്‍ഡോസര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ പ്രദേശത്തിനു സമീപത്താണ് ഇപ്പോള്‍ പാലം ശ്രദ്ധയില്‍പെട്ടത്. ജൂണ്‍ 22ന് പകര്‍ത്തിയ ചിത്രത്തില്‍ പാലത്തിന് അടിയിലൂടെ ഗല്‍വാന്‍ നദി വീണ്ടും ഒഴുകി തുടങ്ങിയിട്ടുണ്ട്.

എല്‍എസിയിലേക്കുള്ള റോഡിന്റെ വീതിയും ചൈന കൂട്ടിയിട്ടുണ്ട്. എന്നാല്‍ ഗല്‍വാനിലെ ഇന്ത്യയുടെ ഭാഗങ്ങളില്‍ സമാനമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ല. ഈ പ്രദേശത്തുനിന്നും ഏകദേശം ആറു കിലോമീറ്റര്‍ മാത്രം അകലെ ഇന്ത്യ തന്ത്രപ്രധാനമായ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. പ്രദേശത്തെ ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കത്തിന് റോഡ് ഉപകരിക്കും. ഇതാകാം ചൈനീസ് സൈന്യത്തെ ആശങ്കയിലാഴ്ത്തിയതെന്നാണ് വിലയിരുത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week