കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനിമുതല്‍ തൂക്കുകയര്‍; പോസ്‌കോ ഭേദഗതി ബില്ലിന് കാബിനറ്റ് അംഗീകാരം
ന്യൂഡല്‍ഹി: കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് രാജ്യത്ത് ഇനിമുതല്‍ വധശിക്ഷ നല്‍കുന്ന നിയമഭേദഗതിയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി. ചെറിയകുട്ടികള്‍ക്ക് എതിരേയും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെയും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിസഭ നിയമ ഭേദഗതി കൊണ്ട് വരുന്നത്. പുതിയ നിയമം അനുസരിച്ചു കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ഇനി വധശിക്ഷ നല്‍കും. അതിന് വേണ്ടി 2012ലെ പോക്‌സോ നിയമം ഭേദഗതി ചെയ്യാനും ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗം അനുമതി നല്‍കി. പ്രസ്തുത നിയമത്തിലെ 2,4,5,6,9,14,15,34,42,45 ചട്ടങ്ങളിലാണ് മാറ്റം വരുത്തേണ്ടി വരുന്നത്.
12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ കൂട്ടബലാല്‍സംഘത്തിനിരയാക്കിയാല്‍ വധ ശിക്ഷ ഉറപ്പാക്കുന്ന ക്രിമിനല്‍ നിയമ ഭേദഗതിക്ക് പിന്നാലെയാണ് പോക്സോ നിയമ ഭേദഗതിക്കുള്ള നീക്കം. ഭേദഗതി ബില്‍ ഈ വര്‍ഷം ആദ്യം പാര്‍ലമെന്റില്‍ വച്ചെങ്കിലും ഇരു സഭകളിലും പാസാക്കാന്‍ ആയിരുന്നില്ല. തുടര്‍ന്നാണ് ഭേദഗതിക്ക് കേന്ദ്ര മന്ത്രി സഭ വീണ്ടും അംഗീകാരം നല്‍കിയത്. 2012ലെ പോക്സോ നിയമത്തിലെ വകുപ്പുകള്‍ ഭേദഗതി ചെയ്ത ക്രൂരമായ ലൈംഗിക പീഡനത്തിന് കുട്ടികളെ ഇരയാക്കിയാല്‍ പരമാവധി വധ ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് കേന്ദ്രമന്ത്രി സഭ അംഗീകരിച്ച ബില്‍.
ഭേദഗതിയില്‍ കുട്ടികളെ ഉപയോഗിച്ചുള്ള നീലചിത്രങ്ങള്‍ നിരോധിക്കാനും ശുപാര്‍ശ ചെയ്യുന്നു. ഇതുപോലുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും സോഷ്യല്‍ മീഡിയ വഴി കൈമാറുന്നതിനും പിഴ ഈടാക്കും.