തിരുവനന്തപുരം: ബാലവേലയോ ബാലചൂഷണമോ നടക്കുന്ന വിവരം അറിയിച്ചാല്‍ 2,500 രൂപ പാരിതോഷികം. ബാലവേല നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിനാണ് വിവരം നല്‍കുന്ന വ്യക്തിക്ക് പാരിതോഷികം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.
ബാലവേല- ബാലഭിക്ഷാടനം- ബാലചൂഷണം- തെരുവ് ബാല്യ-വിമുക്ത കേരളം എന്ന ലക്ഷ്യത്തിനായി വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കിയ ശരണബാല്യം പദ്ധതി പ്രകാരമാണ് പാരിതോഷികം നല്‍കുന്നത്. 2018 നവംബര്‍ മുതല്‍ 2021 നവംബര്‍ വരെ 565 കുട്ടികള്‍ക്കാണ് ശരണബാല്യം പദ്ധതി തുണയായതെന്ന് വകുപ്പ് അധികൃതര്‍ അറിയിച്ചു.
ബാലചൂഷണം നടക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ കോഴിക്കോട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ നേരിട്ടോ 0495 2378920 എന്ന ഫോണ്‍ മുഖേനയോ [email protected] എന്ന ഇ മെയില്‍ മുഖേനയോ പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാം.
വ്യക്തികള്‍ നല്‍കുന്ന വിവരത്തില്‍ കുട്ടി ജോലി ചെയ്യുന്ന സ്ഥാപനം, സ്ഥലത്തിന്റെ പേരും വിലാസവും ഫോട്ടോയും ഉടമസ്ഥന്റെ പേര് വിവരങ്ങള്‍, കുട്ടി/ കുട്ടികളുടെ ഫോട്ടോ (ഉണ്ടെങ്കില്‍) അല്ലെങ്കില്‍ വ്യക്തമായി തിരിച്ചറിയാന്‍ പര്യാപ്തമായ വിവരങ്ങള്‍ ഉണ്ടായിരിക്കണം. വിവരദാതാക്കളുടെ വ്യക്തിവിവരം രഹസ്യമായി സൂക്ഷിക്കും.