ആലപ്പുഴ:സത്യപ്രതിജ്ഞയ്ക്കു മുൻപ് മുഖ്യമന്ത്രിയും നിയുക്തമന്ത്രിമാരും പുന്നപ്ര- വയലാർ രക്തസാക്ഷിമണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തി. വ്യാഴാഴ്ച രാവിലെ ഒൻപതിനാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിലെയും സി.പി.ഐ.യിലെയും നിയുക്തമന്ത്രിമാരും ഇവിടെയെത്തിയത്.
മുഷ്ടി ചുരുട്ടി ഉയർത്തിയ മുദ്രാവാക്യങ്ങൾക്കിടയിൽ പിണറായി വിജയൻ പുഷ്പചക്രം സമർപ്പിച്ച് പുഷ്പാർച്ചനയ്ക്ക് തുടക്കം കുറിച്ചു. തുടർന്ന് നിയുക്തമന്ത്രിമാരും പുഷ്പാർച്ചന നടത്തി. നിയുക്തസ്പീക്കറും എൽഡിഎഫ് കൺവീനറും മറ്റ് പ്രമുഖ നേതാക്കളും ആദരമർപ്പിച്ചു.
പൊതുസമ്മേളനം ഒഴിവാക്കി പത്തുമിനിറ്റിൽ പുഷ്പാർച്ചന പൂർത്തിയാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവർത്തകരുടെ വരവ് ഒഴിവാക്കി. മാധ്യമപ്രവർത്തകരും നിശ്ചയിച്ച എൽ.ഡി.എഫ്. നേതാക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
തുടർന്ന് രക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിക്കുന്നതിനായി ആലപ്പുഴ വലിയചുടുകാട്ടിലെത്തി. ശേഷം സത്യപ്രതിജ്ഞയ്ക്കായി ഇവർ തിരുവനന്തപുരത്തേക്ക് തിരിച്ചു.