മുംബൈ ബാര്‍ജ് അപകടത്തില്‍ മലയാളി മരിച്ചു

മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈ ഹൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മലയാളി മരിച്ചു. വയനാട് കല്‍പറ്റ സ്വദേശി ജോമിഷ് ജോസഫ് ആണ് മരിച്ചത്. 35 വയസായിരുന്നു അപകടത്തില്‍ ഇതുവരെ 37 പേരാണ് മരിച്ചത്.

മുംബൈ തീരത്ത് ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അപകടത്തില്‍പെട്ട പി305 ബാര്‍ജില്‍ ഉണ്ടായിരുന്ന ഇരുപതോളം മലയാളികളെ നാവിക സേന രക്ഷപെടുത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാവിക സേന കടലില്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.

എല്ലാവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാല്‍ സുരക്ഷിതരായി രക്ഷപെടുത്താന്‍ കഴിഞ്ഞു. അപകടത്തില്‍പ്പെട്ട നിരവധിപ്പേരെ പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ബാര്‍ജിലുണ്ടായിരുന്ന 188 പേരെ ഇന്നലെ തന്നെ നാവിക സേന രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചിരുന്നു.

ടൗട്ടെ ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയുടെ ധനസഹായവും, പരുക്കേറ്റവര്‍ക്ക് 50,000 രൂപയും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗുജറാത്തിലും മഹാരാഷ്ട്രയിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News