ഇടുക്കി: മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് സന്ദര്‍ശിക്കും. രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററില്‍ പുറപ്പെടുന്ന സംഘം, മൂന്നാര്‍ ആനച്ചാലില്‍ നിന്ന് റോഡ് മാര്‍ഗമാണ് പെട്ടിമുടിയിലേക്ക് പോകുക. സന്ദര്‍ശനം കഴിഞ്ഞു മൂന്നാര്‍ ടീ കൗണ്ടിയില്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തശേഷം രണ്ട് മണിയോടുകൂടി സംഘം മടങ്ങും. തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും ഇന്ന് പെട്ടിമുടി സന്ദര്‍ശിക്കുന്നുണ്ട്. പെട്ടിമുടിയില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ 7 കുട്ടികള്‍ അടക്കം 15 പേരെ ആണ് ഇനി കണ്ടെത്താനുള്ളത്. അപകടത്തിന്റെ ആറാം ദിവസമായ ഇന്നലെ മൂന്ന് പേരുടെ മൃതേദഹം കൂടി കണ്ടെത്തി.
ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി ഉയര്‍ന്നു. പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനവും തെരച്ചിലും പൂര്‍ണ്ണമായ ശേഷം ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് വാങ്ങും. വിശദമായ ചര്‍ച്ചക്ക് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും. ദുരന്തത്തില്‍പ്പെട്ടവരുടെ ചികിത്സാ ചെലവ് പൂര്‍ണ്ണമായും പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കാനും തീരുമാനിച്ചു.