പെട്ടിമുടിയിലെ എല്ലാ കുടുംബങ്ങളെയും പുനരധിവസിപ്പിക്കും, കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കും; മുഖ്യമന്ത്രി

മൂന്നാര്‍: പെട്ടിമുടിയിലെ എല്ലാ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെട്ടിമുടി ദുരിതമേഖല സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്ടിമുടിയിലെ എല്ലാ കുടുംബങ്ങളെയും പുനരധിവസിപ്പിക്കും. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണന്‍ ദേവന്‍ കമ്പനി സഹായിക്കുമെന്നാണ് കരുതുന്നത്. വീട് നിര്‍മിക്കാന്‍ സഹായവും സ്ഥലവും ആവശ്യമാണ്. ഇത് ചെയ്യണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടു. പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ബിരുദ പഠനം നടക്കേണ്ടതുണ്ട്. അവര്‍ക്ക് വേണ്ട സഹായം പ്രത്യേകമായി പരിഗണിച്ചു നടപ്പാക്കും. കമ്പനിയുടെ ഭാഗത്തു നിന്നും കുറച്ചു നടപടികള്‍ കൂടി വേണം.

അപകടം നടന്ന സ്ഥലത്തോടു ചേര്‍ന്ന് താമസിക്കുന്നവര്‍ക്ക് ഈ ദിവസങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ടു. ഇക്കാര്യം കമ്പനി പരിഗണിക്കണം. തൊഴിലാഴികളെ മാറ്റിത്താമസിപ്പിച്ച ലയങ്ങളുടെ അറ്റകുറ്റപ്പണി നടത്തണം. ഇടമലക്കുടിയിലേക്കുള്ള റോഡ് മെച്ചപ്പെടുത്തും. ഇക്കാര്യം നേരത്തെ തന്നെ സര്‍ക്കാരിന്റെ പരിഗണനയിലുള്ളതാണ്. നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ ധനസഹായത്തിന് പുറമെയാണ് വീടുവച്ചു നല്‍കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പെട്ടിമുടിയിലെ ദുരിതത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും അനുശോചനം രേഖപ്പെടുത്തി. അപകടം എല്ലാവരെയും നടുക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയോട് അപകടത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് മുന്നോട്ടു ജീവിക്കാനുള്ള ധൈര്യം ലഭിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News