തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസില്‍ ഒതുങ്ങില്ല. എന്തെല്ലാം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ, അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ നടപ്പിലാക്കിയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെ റെയില്‍ കല്ലിടലിനെതിരേ കഴിഞ്ഞ ദിവസം കണ്ട പ്രതിഷേധങ്ങള്‍ വികസനത്തിന് എതിരാണ്. നാടിന്റെ പുരോഗതിക്ക് കോണ്‍ഗ്രസ് തടസം നില്‍ക്കുന്നു. ബിജെപിയും സമാന നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. പദ്ധതിയുടെ അതിരടയാളക്കല്ലുകള്‍ ഇനിയും പിഴുതെറിയും. സ്ത്രീകളും കുട്ടികളുമാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. അവരുടെ പോരാട്ടം അത്ഭുതപ്പെടുത്തുന്നുവെന്നും സതീശന്‍ പറഞ്ഞു.
അതേസമയം കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വീണ്ടും ഭീഷണിയുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് രംഗത്ത്. സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ത്താല്‍ കെ സുധാകരന്റെ നെഞ്ചത്തുകൂടി ട്രെയിന്‍ ഓടിച്ച് പദ്ധതി നടപ്പാക്കുമെന്ന് സി വി വര്‍ഗീസ് പറഞ്ഞു. സുധാകരനെതിരായ നികൃഷ്ട ജീവി പരാമര്‍ശം ഉള്‍പ്പെടെ കടുത്ത വിമര്‍ശനം നേരിട്ടതിന് തൊട്ടുപിന്നാലെയാണ് സി വി വര്‍ഗീസ് വീണ്ടും വിവാദ പ്രസംഗം നടത്തുന്നത്.
അതിവേഗ റെയിലിനായുള്ള സര്‍വേ കല്ലുകള്‍ പിഴുതെറിയാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെ ഇന്ത്യയിലെ ജനങ്ങള്‍ പിഴുതെറിയുകയാണെന്നും സി വി വര്‍ഗീസ് പറഞ്ഞു. നെടുങ്കണ്ടത്ത് വച്ച് നടന്ന ഒരു പാര്‍ട്ടി പരിപാടിയിലാണ് കെ സുധാകരനെതിരായ പുതിയ പരാമര്‍ശങ്ങള്‍.
സിപിഐഎം കൊടുക്കുന്ന ഭിക്ഷയാണ് കെ സുധാകരന്റെ ജീവിതമെന്ന് മുന്‍പ് സി വി വര്‍ഗീസ് പറഞ്ഞിരുന്നു. നികൃഷ്ട ജീവിയെ കൊല്ലാന്‍ താത്പര്യമില്ലെന്നും സി വി വര്‍ഗീസ് പ്രസംഗിച്ചത് വിവാദമാകുകയായിരുന്നു. സിപിഐഎമ്മിന്റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണമെന്നും സി വി വര്‍ഗീസ് ഭീഷണിപ്പെടുത്തിയിരുന്നു.