27.8 C
Kottayam
Sunday, May 26, 2024

ചെന്നൈ കോർപ്പറേഷന്‍ മേയറായി ഒരു ദളിത് വനിത, ചരിത്രത്തിലാദ്യം

Must read

ചെന്നൈ: ഇരുപത്തിയെട്ടുകാരിയായ ആർ.പ്രിയ ചെന്നൈ കോർപ്പറേഷൻ മേയറാകും. നാളെ നടക്കുന്ന മേയർ തെരഞ്ഞെടുപ്പിൽ പ്രിയ ഡിഎംകെയുടെ മേയർ സ്ഥാനാർത്ഥി ആയിരിക്കുമെന്ന് പാർട്ടി ഔദ്യോഗികമായി അറിയിച്ചു. 333 വർഷത്തെ ചെന്നൈ കോർപ്പറേഷന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ദളിത് വനിത മേയറാകുന്നത്. ചെന്നൈയുടെ മൂന്നാമത്തെ വനിതാ മേയറായിരിക്കും പ്രിയ. താരാ ചെറിയാനും കാമാക്ഷി ജയരാമനുമാണ് ഇതിന് മുമ്പ് മേയർ സ്ഥാനത്ത് എത്തിയ വനിതകൾ. മം​ഗലപുരത്തെ 74-ാം വാർഡിൽ നിന്നാണ് പ്രിയ തെരഞ്ഞെടുക്കപ്പെട്ടത്.   

18 വയസ്സ് മുതൽ പാർട്ടി കേഡറാണെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രിയക്ക് ഇത് കന്നിയങ്കമാണ്. തദ്ദേശതെരഞ്ഞെടുപ്പിൽ ചെന്നൈ കോർപ്പറേഷനിൽ വിജയിച്ച യുവസ്ഥാനാർത്ഥികളിലൊരാളാണ് പ്രിയ. ഡിഎംകെ സഖ്യകക്ഷിയായ സിപിഎമ്മിൻ്റെ സ്ഥാനാ‍ർത്ഥിയായിതേനാപേട്ട 98-ാം വാ‍‍ർഡിൽ നിന്നും ജയിച്ച 21 വയസ്സുള്ള പ്രിയദ‍ർശിനിയാണ് പുതിയ കൗൺസിലർമാരിലെ ബേബി. കഴിഞ്ഞ ആഴ്ച നടന്ന തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരിയിൽ ചെന്നൈ മേയർ സ്ഥാനം പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്തു കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. 

വടക്കൻ ചെന്നൈയിൽ 74-ാം വാ‍ർഡിൽ നിന്നാണ് ആ‍.പ്രിയ ഇക്കുറി ഡിഎംകെ സ്ഥാനാ‍ർത്ഥിയായി മത്സരിച്ച് ജയിച്ചത്. ഈ മേഖലയിൽ നിന്നും മേയ‍ർ പദവിയിലേക്ക് എത്തുന്ന ആദ്യ വനിത കൂടിയാണ് അവ‍ർ. ചെന്നൈ ന​ഗരത്തിൻ്റെ പകിട്ടുകളിൽ നിന്നൊഴിഞ്ഞു നിൽക്കുന്ന ഒരു മേഖലയാണ് വടചെന്നൈ എന്നറയിപ്പെടുന്ന വടക്കൻ ചെന്നൈ. തമിഴ് സിനിമകളിൽ റൗഡികളുടേയും ​ഗുണ്ടകളുടേയും കോട്ടയായിട്ടാണ് ഈ പ്രദേശത്തെ പതിവായി ചിത്രീകരിക്കാറുള്ളത്. 

എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത അനവധി പ്രദേശങ്ങൾ വടക്കൻ ചെന്നൈയിലുണ്ട്. കുടിവെള്ളലഭ്യത, വൈദ്യുതിക്ഷാമം, ശുചിമുറികളുടെ അഭാവം,മോശം റോഡുകൾ തുടങ്ങി അനവധി പ്രശ്നങ്ങളാണ് മേഖലയിലെ ജനങ്ങൾ നേരിടുന്നത്. ഈ സാഹചര്യത്തിൽ വടക്കൻ ചെന്നൈയിൽ നിന്നും ഒരു യുവമേയ‍ർ വരുന്നത് വലിയ പ്രതീക്ഷയോടെയാണ് ന​ഗരവാസികളും കാണുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week