InternationalNews

യുക്രൈൻ നഗര ഭരണ കേന്ദ്രമായ കേഴ്സൻ നഗരം റഷ്യൻ സൈന്യം പിടിച്ചെടുത്തു,ആണവയുദ്ധം അജണ്ടയിലില്ലെന്ന് വിദേശകാര്യ മന്ത്രി

മോസ്കോ: യുക്രൈനിൽ (Ukraine) ആണവ യുദ്ധ (Nuclear war) ഭീഷണി ഉയർത്തുന്നത് പാശ്ചാത്യ രാജ്യങ്ങളാണെന്നും ആണവ യുദ്ധം റഷ്യയുടെ (Russia) പരിഗണനയിലില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോ (Russia’s Foreign Minister Sergei Lavrov). റഷ്യയുടേത് പരിമിതമായ ആവശ്യങ്ങൾ മാത്രമാണെന്നും യുക്രൈനുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വിദേശ മാധ്യമങ്ങളോട് പ്രതികരിച്ചു. റഷ്യ- യുക്രൈൻ രണ്ടാംഘട്ട സമാധാന ചർച്ച ഇന്ന് വൈകീട്ട് നടക്കാനിരിക്കെയാണ് റഷ്യൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. 

“മൂന്നാം ലോക മഹായുദ്ധം ആണവായുധം ഉപയോഗിച്ചാകുമെന്നുറുപ്പാണ്. എന്നാൽ ആണവയുദ്ധം എന്ന ആശയം റഷ്യയുടേതല്ല. അത് നിരന്തരം ഉയരുന്നത് പാശ്ചാത്യ രാഷ്ട്രങ്ങളുടെ തലയിലാണ്. അമേരിക്കയും നാറ്റോയുമാണ് ആണവായുധ ഭീഷണി ഉയർത്തുന്നതെന്നും റഷ്യൻ വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി. 

യുക്രൈനിൽ യുദ്ധം നടത്തുന്ന റഷ്യക്കുള്ളത് പരിമിതമായ ആവശ്യങ്ങളാണെന്നാണ് സെര്‍ജി ലാവ്റോയുടെ വിശദീകരണം. യുക്രൈനിൽ നിന്നും റഷ്യ നേരിടുന്ന ഭീഷണി ഇല്ലാതാക്കുകയാണ് റഷ്യയുടെ ഉദ്ദേശം. അതിന് വേണ്ടിയാണ് യുക്രൈനിലേക്ക് റഷ്യൻ സൈന്യം കടന്നത്. റഷ്യക്ക് ഭീഷണിയായ ആയുധങ്ങൾ യുക്രൈനിൽ ഉണ്ടാവരുത്. അത്തരം ആയുധങ്ങളെല്ലാം യുക്രൈൻ നശിപ്പിക്കണം. ഫ്രാൻസുമായി റഷ്യ ചർച്ച നടത്തിയിട്ടുണ്ട്. അമേരിക്കയുമായും ആശയവിനിമയും ഉണ്ട്. യുക്രൈൻ- റഷ്യ ചർച്ചകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്  അമേരിക്കയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേ സമയം, യുക്രൈൻ നഗര ഭരണ കേന്ദ്രമായ കേഴ്സൻ നഗരം റഷ്യൻ സൈന്യം പിടിച്ചെടുത്തു. നീപർ നദി തീരത്തെ പ്രധാന നഗരമാണ് കേഴ്സൻ. കരിങ്കടലിൽ നിന്നും യുക്രൈൻ തലസ്ഥാനമായ കീവിലേക്കുള്ള പാതയും റഷ്യ കീഴടക്കി. യുക്രൈനിൽ കടന്ന റഷ്യൻ സൈന്യം എട്ട് ദിവസത്തിന് ശേഷമാണ്  കേഴ്സൻ നഗരം പിടിച്ചെടുത്തത്. എന്നാൽ റഷ്യയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥനെ വധിച്ചെന്നും റഷ്യൻ വിമാനം വീഴ്ത്തിയെന്നും യുക്രൈനും അവകാശപ്പെട്ടു. 

യുക്രൈൻ തലസ്ഥാനമായ കീവ് നഗരം വളഞ്ഞിട്ട് കീഴടക്കാനുള്ള റഷ്യൻ പദ്ധതി അനന്തമായി നീളുകയാണ്. യുദ്ധം എട്ടാം ദിവസത്തിലേക്ക് നീങ്ങുമ്പോഴും കീവ് നഗരം ലക്ഷ്യമാക്കി പുറപ്പെട്ട റഷ്യൻ സൈനിക വ്യൂഹത്തിന് ഇതുവരെ നഗരത്തിൽ പ്രവേശിക്കാനായിട്ടില്ല. യാത്രയ്ക്കിടെ പല വിധ തടസങ്ങൾ വഴിയിൽ നേരിട്ടതിനാൽ സൈനിക വ്യൂഹം മന്ദഗതിയിലാണ് കീവിലേക്ക് നീങ്ങുന്നത് എന്നാണ് ഉപഗ്രഹ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി അമേരിക്കൻ പ്രതിരോധ വിദഗ്ധർ പറയുന്നു. 64 കിലോമീറ്റർ നീളമുള്ള സൈനിക വ്യൂഹത്തിന് പല മാർഗ തടസങ്ങൾ വഴിയിൽ നേരിടേണ്ടി വരുന്നുണ്ട് എന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കരുതാതിരുന്നതാണ് പ്രധാനമായും പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് സൂചന. കടന്നു പോകുന്ന പാതയിൽ പല സൂപ്പർ മാർക്കറ്റുകളും റഷ്യൻ സൈന്യം കൊള്ളയടിച്ചതായും ചില യുക്രൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ റഷ്യ തയ്യാറായിട്ടില്ല. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button