രണ്ടു പേരും ചേര്‍ന്ന് ആ കുട്ടികളെ കഷ്ടപ്പെടുത്തുകയാണ്; വിമര്‍ശനത്തിന് മറുപടിയുമായി വിഘ്‌നേശ്
ചെന്നൈ:ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. ഈയ്യടുത്താണ് ഇരുവരും അച്ഛനും അമ്മയുമായത്. ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മയുമാണ് നയന്‍താരയും വിഘ്‌നേഷും. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ കുട്ടികളുടെ വിശേഷങ്ങളൊക്കെ താരങ്ങള്‍ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ഫാദേഴ്‌സ് ഡേയ്ക്ക് വിഘ്‌നേശ് പങ്കുവച്ച ചിത്രങ്ങള്‍ വൈറലായി മാറുകയാണ്. ബാഹുബലി സ്റ്റൈലില്‍ തന്റെ രണ്ട് മക്കളുടേയും ചിത്രങ്ങളാണ് സംവിധായകന്‍ പങ്കുവച്ചത്. ബാഹുബലി പോസ്റ്ററിലേത് പോലെ, വെള്ളത്തില്‍ മുങ്ങി നിന്ന് ഇരു കൈകളിലുമായി മക്കള്‍ രണ്ടു പേരേയും ഉയര്‍ത്തി പിടിച്ചിരിക്കുകയാണ് ചിത്രങ്ങളില്‍. എന്റെ ബാഹുബലി 1 ഉം ബാഹുബലി 2 ഉം എന്നാണ് മക്കളെക്കുറിച്ച് വിഘ്‌നേശ് പറയുന്നത്.
രസകരമായ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇതിനിടെ ചിലര്‍ വിഘ്‌നേശിനെ വിമര്‍ശിച്ചും രംഗത്തെത്തി. ഇങ്ങനെ വന്നൊരാള്‍ക്ക് അദ്ദേഹം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രണ്ടു പേരും ചേര്‍ന്ന് ആ കുട്ടികളെ കഷ്ടപ്പെടുത്തുകയാണ് എന്നായിരുന്നു വിമര്‍ശനം. പിന്നാലെ വിഘ്‌നേശ് മറുപടിയുമായി എത്തുകയായിരുന്നു. അവരും ഇതൊക്കെ ആസ്വദിക്കുന്നുണ്ടെന്നായിരുന്നു വിക്കിയുടെ മറുപടി.
ഫാദേഴ്‌സ് ഡേയ്ക്ക് നയന്‍താര പങ്കുവച്ച പോസ്റ്റും വൈറലായിരുന്നു. മക്കളെ ഓമനിക്കുന്ന വിക്കിയുടെ വീഡിയോസ് ചേര്‍ത്തുവച്ചാണ് നയന്‍താര പോസ്റ്റ് ഇട്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച അച്ഛന്‍ എന്നാണ് വിക്കിയെ നയന്‍താര വിശേഷിപ്പിക്കുന്നത്. തങ്ങളുടെ സര്‍വ്വസ്വവും ലോകവും വിക്കിയാണെന്നും നയന്‍താര പോസ്റ്റില്‍ പറയുന്നുണ്ട്.
വാടകഗര്‍ഭധാരണത്തിലൂടെയാണ് നയന്‍താരയും വിക്കിയും മാതാപിതാക്കളാകുന്നത്. രുദ്രനീല്‍, ദൈവിക്ക് എന്നാണ് മക്കളുടെ പേര്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ നയന്‍താരയും വിക്കിയും അമ്മയും അച്ഛനുമായിരുന്നു. അതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളും നിയമനടപടികളും ഇരുവര്‍ക്കും നേരിടേണ്ടി വന്നിരുന്നു. ഒടുവില്‍ വിവാഹം നേരത്തെ കഴിഞ്ഞിരുന്നുവെന്ന് രേഖ സമര്‍പ്പിക്കുകയായിരുന്നു.
നയന്‍സിന്റേയും വിക്കിയുടേയും മക്കള്‍ക്ക് രണ്ട് വയസ് തികയാന്‍ പോവുകയാണ്. മക്കള്‍ക്കൊപ്പം സമയം ചിലവിടാന്‍ ആഗ്രഹിക്കുന്നവരാണ് വിക്കിയും നയന്‍സും. ഇരുവരും സ്ഥിരമായി മക്കളേയും കൂട്ടി യാത്ര പോകാറുണ്ട്. മക്കള്‍ക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്.
സംവിധായകനും നിര്‍മ്മാതാവുമാണ് വിക്കി. ഇരുവരും നാനും റൗഡി താന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പ്രണയത്തിലാകുന്നത്. ഏറെകാലം പ്രണയത്തിലായിരുന്ന ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. അതേസമയം ബോളിവുഡ് ചിത്രം ജവാന്‍ ആണ് നയന്‍താരയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷാരൂഖ് ഖാന്റെ നായികയായി ഈ ചിത്രത്തിലൂടെ നയന്‍താര തന്റെ ബോളിവുഡ് അരങ്ങേറ്റവും കുറിച്ചു.