NationalNews

80 കോടിയുടെ സ്വർണ്ണം, ലാഭവിഹിതത്തേച്ചൊല്ലി തര്‍ക്കം; ബം​ഗ്ലാദേശ് എം.പിയുടെ വധത്തിന് പിന്നിൽ സ്വര്‍ണ്ണക്കടത്തും

കൊല്‍ക്കത്ത: കൊല്ലപ്പെട്ട ബംഗ്ലാദേശ് എം.പി. അന്‍വാറുല്‍ അസീം അനാറും കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനും ബംഗ്ലാദേശ് വംശജനുമായ അഖ്തറുസ്സമാന്‍ ഷഹീനും ഇന്ത്യയിലേക്കും അതിര്‍ത്തി കടന്ന് സ്വര്‍ണ്ണകട്ടകള്‍ കടത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഇരുവരും സ്വര്‍ണ്ണക്കടത്തില്‍ പങ്കാളികളായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലാഭവിഹിതം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് മരണത്തിലേക്ക് എത്തിച്ചതെന്നായിരുന്നു നിഗമനം.

ദുബായില്‍നിന്ന് അഖ്തറുസ്സമാന്‍ ഷഹീന്‍ ബംഗ്ലാദേശിലേക്ക് സ്വര്‍ണം കടത്തുമ്പോള്‍ അത് സുരക്ഷിതമായി എത്തേണ്ടിടത്ത് എത്തിക്കുന്നത് അന്‍വാറുല്‍ അസീം ആയിരുന്നു. കഴിഞ്ഞവര്‍ഷം കൂടുതല്‍ ലാഭവിഹിതം അസീം ആവശ്യപ്പെട്ടെങ്കിലും ഇത് ഷഹീന്‍ നിരസിച്ചു. ഇതിന് പിന്നാലെ അനധികൃതമായി കടത്തിയ 80 കോടിയോളം രൂപവരുന്ന സ്വര്‍ണ്ണം അസീം സ്വന്തമാക്കിയതായി ഷഹീന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതാണ് പിന്നീട് വൈരത്തിന് കാരണമായത്.

സ്വര്‍ണ്ണക്കടത്ത് റാക്കറ്റില്‍ ഉള്‍പ്പെട്ട സ്വാധീനമുള്ള മറ്റുള്ളവര്‍ക്കും കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് ബംഗ്ലാദേശ് പോലീസിന്റെ സംശയം. 2014-ല്‍ എം.പിയായതോടെ ജനൈദ മേഖലകേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തിന്റെ നേതൃത്വം അസീം ഒറ്റയ്ക്ക് ഏറ്റെടുത്തു. പങ്കാളികളായിരുന്ന ഒരുരാഷ്ട്രീയനേതാവിനേയും രണ്ട് വ്യവസായികളേയും ഒഴിവാക്കി. ഇവര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കും.

ഈ വര്‍ഷം ഫെബ്രുവരിയിലും ഏപ്രിലിലും അസീമിനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നു. കൊലപാതകത്തില്‍ പങ്കാളികളായ അമാനുള്ള അമാന്‍ എന്ന ഷിമുല്‍ ബുയ്യാന്‍, ഫൈസല്‍ അലി എന്ന സാജി, അസീമിനെ ഹണിട്രാപ്പില്‍ കുരുക്കിയ ഷിലാസ്തി റഹ്‌മാന്‍ എന്നിവരെ നേരത്തെ ബംഗ്ലാദേശ് പോലീസ് അറസ്റ്റുചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button