ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്
ഒറ്റപ്പാലം: സിനിമാ നിര്‍മാണത്തിനെന്ന പേരില്‍ താരദമ്പതികള്‍ വാങ്ങിയ പണം തിരിച്ചു നല്‍കിയില്ലെന്ന പരാതിയുമായി തൃശൂര്‍ തിരുവില്വാമല സ്വദേശി റിയാസ്. കൂദാശ എന്ന സിനിമയുടെ നിര്‍മാണത്തിനായി നടന്‍ ബാബുരാജും ഭാര്യ വാണി വിശ്വനാഥും ചേര്‍ന്ന് തന്റെ കയ്യില്‍ നിന്നും 3.14 കോടി രൂപ വാങ്ങിയെന്നാണ് ഒറ്റപ്പാലം പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2017 ല്‍ പല ഘട്ടങ്ങളിലായി ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു. തൃശൂരിലും കൊച്ചിയിലുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. സിനിമ പുറത്തിറങ്ങിയ ശേഷം പണവും ലാഭവിഹിതവും ഉള്‍പ്പെടെ തിരിച്ചു നല്‍കാമെന്നായിരുന്നു താരദമ്പതികളുടെ വാഗ്ദാനം.
വാഗ്ദാനം പാലിക്കപ്പെടാതിരുന്നതോടെ റിയാസ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിനു ശേഷം കേസ് ഒറ്റപ്പാലം പൊലീസിനു കൈമാറി. ഇടപാടുകള്‍ ഒറ്റപ്പാലത്തെ ബാങ്ക് മുഖേനയായതിനാലായിരുന്നു ഇത്. ഇരുവര്‍ക്കുമെതിരെ വഞ്ചനാകുറ്റത്തിനാണ് കേസെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.ബാബു രാജിനെ നായകനാക്കി ഡിനു തോമസ് സംവിധാനം ചെയ്ത ചിത്രമാണ് കൂദാശ. ക്വട്ടേഷൻ ഗുണ്ടയായിരുന്ന കല്ലൂക്കാരൻ ജോയ് എന്ന കഥാപാത്രമായാണ് ബാബു രാജ് ഈ സിനിമയിലെത്തുന്നത്.