ഉത്ര വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; പ്രതി സൂരജ് മാത്രം, മറ്റാര്‍ക്കും പങ്കില്ല

കൊല്ലം: ഭാര്യ ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഭര്‍ത്താവ് സൂരജിനെ മാത്രം പ്രതിയാക്കിയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതക ശ്രമത്തിലും കൊലപാതകത്തിലും മറ്റുള്ളവര്‍ക്കു പങ്കുള്ളതായി പറയുന്നില്ല. കേസിലെ രണ്ടാം പ്രതിയായിരുന്ന പാമ്പുപിടിത്തകാരന്‍ സുരേഷിനെ കോടതി നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു.

300 രേഖകളും 252 സാക്ഷികളും ഉള്‍പ്പെടെ 1000 പേജുള്ള കുറ്റപത്രത്തില്‍ കൊലപാതകം, വധശ്രമം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നിങ്ങനെയുള്ള വകുപ്പുകളാണു സൂരജിനിതിരേ ചുമത്തിയിട്ടുള്ളത്. ഗാര്‍ഹിക പീഡനത്തിനുള്ള കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. കൊട്ടാരക്കര റൂറല്‍ എസ്പി എസ്. ഹരിശങ്കറിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിച്ചത്.

ഉത്രയെ കൊലപ്പെടുത്തിയതു താനാണെന്നു പ്രതി സൂരജ് അടൂര്‍ പറക്കോട്ടെ വീട്ടില്‍ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പരസ്യമായി കുറ്റസമ്മതം നടത്തിയിരുന്നു. ഞാനാണ് എല്ലാം ചെയ്തത്, വേറെയാരുമല്ല, ഞാനാ ചെയ്തത് എന്നു സൂരജ് പറഞ്ഞു. എന്താണു ചെയ്യാനുള്ള കാരണം എന്ന ചോദ്യത്തിന് അങ്ങനെ ചെയ്തു എന്നുമാത്രമാണ് സൂരജ് മറുപടി നല്‍കിയത്. എന്താണു പ്രേരണ എന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ല എന്നായിരുന്നു സൂരജിന്റെ മറുപടി.

ഉത്രയെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വാങ്ങിയ അണലിയാണു പറക്കോട്ടെ വീട്ടില്‍ ഉത്രയെ കടിച്ചതെന്നു സൂരജ് അന്വേഷണ സംഘത്തോടു സമ്മതിച്ചിട്ടുണ്ട്. ഫെബ്രുവരി 29-ന് സൂരജിന്റെ വീടിനുള്ളിലെ കോണിപ്പടിയില്‍ കണ്ടതും ഇതേ അണലിയാണ്. ഉത്ര ഈ പാമ്പിനെ കണ്ടു ഭയന്നു നിലവിളിക്കുകയും സൂരജ് എത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കി ടെറസില്‍ കയറി പുറത്തേക്ക് എറിയുകയും ചെയ്തു. എന്നാല്‍, പിന്നീട് സൂരജ് താഴെയിറങ്ങി ചാക്കെടുത്തു വിറകുപുരയില്‍ വച്ചു.

ഈ പാമ്പിനെ മാര്‍ച്ച് രണ്ടിന് ഉത്രയുടെ ദേഹത്തേക്കു കുടഞ്ഞിട്ടു കടിപ്പിക്കുകയായിരുന്നു. രണ്ടിനു രാത്രി വീടിനു പുറത്തുവച്ച് ഉത്രയെ പാന്പു കടിച്ചുവെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഉത്രയ്ക്കു കടിയേറ്റതു മുറിയില്‍ വച്ചാണെന്നു കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരുന്നെങ്കിലും അവര്‍ ഇതു മറച്ചുവച്ചതായും അന്വേഷണസംഘം കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News