അബുദാബി: യു.എ.ഇയിലെ പുതുക്കിയ നിയമപരിഷ്‌കാരങ്ങള്‍ പ്രവാസികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുകയാണ്. വിദേശികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്നത് കൂടിയാണ് നിയമ പരിഷ്‌കാരങ്ങള്‍. 40 ഓളം നിയമങ്ങളാണ് ഇത്തരത്തില്‍ പരിഷ്‌കരിച്ചത്. പുതിയ നിയമനിര്‍മ്മാണം സ്ത്രീകള്‍ക്കും വീട്ടുജോലിക്കാര്‍ക്കും മെച്ചപ്പെട്ട സംരക്ഷണം വാഗ്ദാനം ചെയ്യുന്നുണ്ട്.
ബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങളിലാണ് ശിക്ഷ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ബലാത്സംഗത്തിന് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്യുന്നതാണ് യുഎഇയിലെ പുതിയ ഫെഡറല്‍ ക്രൈം ആന്‍ഡ് പണിഷ്‌മെന്റ് നിയമം. നിയമപരിഷ്‌കാരങ്ങള്‍ക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി.
ബലാത്സംഗ കേസുകളില്‍ ഇര 18 വയസ്സിന് താഴെയോ, അംഗവൈകല്യമോ മറ്റോ ഉള്ള വ്യക്തിയോ പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയിലോ ആണെങ്കില്‍ ശിക്ഷ വധശിക്ഷ വരെ നീട്ടാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. സാമ്പത്തിക, നിക്ഷേപ, വാണിജ്യ, മേഖല ശക്തിപ്പെടുത്താനും സാമൂഹിക സ്ഥിരതയും സുരക്ഷയും ഉറപ്പ് വരുത്താനുമാണ് പരിഷ്‌കാരങ്ങളെന്ന് യുഎഇ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പൊതു സുരക്ഷയും സുരക്ഷാ വ്യവസ്ഥകളും ശക്തിപ്പെടുത്തുന്നു. കൂടാതെ വിവാഹേതര ബന്ധങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും ചെയ്യുന്നു. 2022 ജനുവരി രണ്ട് മുതല്‍ പുതുക്കിയ നിയമങ്ങള്‍ പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരും.