തൃശ്ശൂർ: കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിളാണ് റെഡ് അലർട്ടും ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഞായറാഴ്ചയും ഓറഞ്ച് അലർട്ടാണ്.
കാലവർഷം വരവറിയിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ കനത്ത മഴയാണ്. അതിശക്തമായി തുടരുന്ന മഴയിൽ തൃശ്ശൂർ നഗരത്തിൽ വിവിധയിടങ്ങളിലായി വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡിൽ കെട്ടി നിൽക്കുന്ന വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയാണ്. നഗരത്തിന്റെ ഭൂരിഭാഗം റോഡുകളിലും വെള്ളപ്പൊക്കം രൂപപ്പെട്ട് ഗതാഗതം സ്തംഭിച്ചു. ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയാണെന്നാണ് റിപ്പോർട്ട്.
തൃശ്ശൂരിൽ ശനിയാഴ്ച രാവിലെ മുതൽ ആരംഭിച്ച മഴ ഇപ്പോഴും ശമിച്ചിട്ടില്ല. വ്യാപകമായ നാശനഷ്ടവും ജില്ലയിലുണ്ടായിട്ടുണ്ട്. നഗരത്തിലെ മൂന്ന് ആശുപത്രികളില്‍ വെള്ളം കയറി. ഇരിങ്ങാലക്കുടി, പൂതംകുളം ജങ്ഷന്‍, കുന്നംകുളം എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ട്. വെള്ളം കയറിയതോടെ ചില വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.വീടുകളിലും വെള്ളംകയറി.
ഒല്ലൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ ഗതാഗതം അല്പസമയത്തേക്ക് തടസ്സപ്പെട്ടു. തൃശ്ശൂരിൽ ഇടിമിന്നലേറ്റ് രണ്ട് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോതംകുളം സ്വദേശി നിമിഷ, വേലൂര്‍ സ്വദേശി ഗണേഷന്‍ എന്നിവരാണ് മരിച്ചത്.
ഒറ്റപ്പാലത്ത് റെയിൽവേ സ്റ്റേഷൻ റോഡിലെ ഏഴ് കടകളിൽ വെള്ളം കയറി. അഴുക്കുചാൽ നിറഞ്ഞ് വെള്ളം കടകളിലേക്ക് കയറുകയായിരുന്നു. ഒരു മണിക്കൂറിനിടെ പെയ്ത ശക്തമായ മഴയിലാണ് വെള്ളക്കെട്ടുണ്ടായത്. റെയിൽവേ സ്റ്റേഷന് മുൻവശത്തും വെള്ളക്കെട്ടുണ്ടായി. സ്റ്റേഷൻ നവീകരണം നടക്കുന്നതിനാൽ പ്രദേശത്ത് മണ്ണും നിർമാണ സാമഗ്രികളും കൂടിക്കിടക്കുന്നതും വെള്ളക്കെട്ടിന് കാരണമായി. ചുനങ്ങാട് പിലാത്തറയിൽ കിണർ ഇടിഞ്ഞു.
കനത്ത മഴയേത്തുടര്‍ന്ന് തൃശ്ശൂര്‍ ഒല്ലൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ ഗതാഗതം അല്പസമയത്തേക്ക് തടസ്സപ്പെട്ടു. ഇതേത്തുടര്‍ന്ന് നാല് ട്രെയിനുകള്‍ പുതുക്കാട് ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ പിടിച്ചിട്ടു.
തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ്, എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടത്. ഒല്ലൂരില്‍ ട്രാക്കില്‍നിന്ന് മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചതോടെയാണ് ഈ ട്രെയിനുകള്‍ സര്‍വീസ് തുടര്‍ന്നത്. ഇതിനുപുറമേ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സിഗ്നല്‍ സംവിധാനവും തകരാറിലായി. ഇതും ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു.