‘ചാമ്പിക്കോ…’, പാർട്ടികോൺഗ്രസ് വേദിയിൽ നേതാക്കളുടെ ഫോട്ടോഷൂട്ട് വൈറൽ
കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത നേതാക്കളുടെ ഫോട്ടോഷൂട്ട് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗം. കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ക്കൊപ്പം ഫോട്ടോ എടുക്കാനായി വേദിക്ക് നടുവില്‍ ഒഴിച്ചിട്ട കസേരയില്‍ ഇരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്ന ദൃശ്യമാണ് ‘ഭീഷ്മ’ സിനിമയുടെ സംഗീതവും സംഭാഷണവും ചേര്‍ത്ത് പ്രചരിക്കുന്നത്.
ഫോട്ടോ എടുക്കാനായി പ്രതിനിധികളെല്ലാം ആദ്യമേ ഇരിപ്പുറപ്പിച്ചു. പിന്നാലെ സ്ലോ മോഷനില്‍ മുഖ്യമന്ത്രി വേദിയിലേക്ക് നടന്നുവരുന്ന വീഡിയോ ആണ് ഭീഷ്മയിലെ ‘ചാമ്പിക്കോ’ സ്‌റ്റൈലില്‍ എഡിറ്റ് ചെയ്ത് പ്രചരിക്കുന്നത്. ഇതിനോടകം നിരവധി പേര്‍ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി സജി ചെറിയാന്‍, പിപി ചിത്തരഞ്ജന്‍ എംഎല്‍എ തുടങ്ങിയ നേതാക്കള്‍ ഗ്രൂപ്പ് ഫോട്ടോ പങ്കുവച്ചിട്ടുണ്ട്. നേരത്തെ മന്ത്രിമാരായ വി. ശിവന്‍കുട്ടിയും സിപിഎം നേതാവ് പി. ജയരാജനും അടക്കമുള്ള നേതാക്കള്‍ ഭീഷ്മ സ്റ്റൈല്‍ അനുകരിച്ചുള്ള വീഡിയോ പങ്കുവച്ചിരുന്നു.