KeralaNewsPolitics

കോൺഗ്രസുമായി ദേശീയതലത്തിൽ രാഷ്ട്രീയ സഖ്യമില്ല,സി പി എം രാഷ്ട്രീയ പ്രമേയത്തിന് പാർട്ടി കോൺഗ്രസിൽ അംഗീകാരം

കണ്ണൂർ: സി പി എം രാഷ്ട്രീയ പ്രമേയത്തിന് പാർട്ടി കോൺഗ്രസിൽ അംഗീകാരം. കോൺഗ്രസുമായി ദേശീയതലത്തിൽ രാഷ്ട്രീയ സഖ്യമില്ലെന്ന് രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നു. ഓരോ പ്രദേശത്തും പ്രാദേശിക സഖ്യങ്ങൾ അതാത് സമയത്ത് തീരുമാനിക്കാം എന്നും രാഷ്ട്രീയ പ്രമേയത്തിൽ വ്യക്തമാക്കുന്നു. രാഷ്ട്രീയ പ്രമേയത്തിൽ പാർട്ടി കോൺഗ്രസിൽ വോട്ടെടുപ്പ് നടന്നു. നാല് പേർ പ്രമേയത്തിനെ എതിർത്ത് വോട്ട് ചെയ്തു.

ദേശീയതലത്തിൽ വിശാല കൂട്ടായ്മ എന്ന നിർദ്ദേശമാണ് സിപിഎം പാർട്ടി കോൺഗ്രസ് രണ്ടു ദിവസം ചർച്ച ചെയ്തത്. അത്തരമൊരു കൂട്ടായ്മ നയത്തിൻറെ അടിസ്ഥാനത്തിലാകണം എന്ന വാദം പാർട്ടി കോൺഗ്രസിൽ ഉയർന്നു. കേരളഘടകത്തിന് പാർട്ടിയിൽ കിട്ടുന്ന സ്വീകാര്യതയുടെ സൂചനയായി കേരള ബദൽ എന്ന നിർദ്ദേശം. ഹിമാചൽപ്രദേശ് കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ചർച്ചയിൽ പങ്കെടുത്തവർ ഈ നിർദ്ദേശം മുന്നോട്ടു വച്ചു. അരവിന്ദ് കെജ്രിവാൾ ദില്ലി മാതൃക മറ്റു സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കുന്നു. പാർട്ടി കേരള മാതൃക ഉയർത്തിക്കാട്ടാൻ മടിക്കരുത് എന്നാണ് നിർദ്ദേശം. ചർച്ചയിൽ കേരളത്തിൽ നിന്ന് പങ്കെടുത്ത പി രാജീവ് ടിഎൻ സീമ കെകെ രാഗേഷ് എന്നിവർ സംസ്ഥാനത്ത് സ്വീകരിച്ച നയം വിശദീകരിച്ചിരുന്നു. എന്നാൽ ഇത് രാഷ്ട്രീയ അടവു നയമാക്കാതെ പാർട്ടിയുടെ വളർച്ചയ്ക്കുള്ള പ്രചാരണത്തിൽ ഉൾപ്പെടുത്താനാണ് തീരുമാനം.

കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ കോൺഗ്രസുമായുള്ള രാഷ്ട്രീയ സഖ്യം എന്ന നിലപാടിൽ പശ്ചിമ ബംഗാൾ ഘടകം ഉറച്ചു നിന്നിരുന്നു. ബംഗാളിനൊപ്പമായിരുന്ന പല സംസ്ഥാനഘടകങ്ങളും ഇത്തവണ ആ സഖ്യം പാളി എന്ന വാദമാണ് ഉന്നയിച്ചത്. മറ്റു പ്രാദേശിക പാർട്ടികളുമായി ചർച്ച വേണ്ട വിഷയമായതിനാലാണ് കേരള മാതൃക രാഷട്രീയ അടവു നയമാക്കി മാറ്റാത്തത്.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker