KeralaNews

സംസ്ഥാനത്തെ പോളി ടെക്‌നിക് കോളേജുകളിൽ റെക്കാഡ് പ്ലേസ്‌മെന്റ്; അഭിമാന നേട്ടമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിൽ 2023-24 വർഷത്തിൽ റെക്കാഡ് പ്ലേസ്മെന്റ് നടന്നതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു. കേരളത്തിനും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും അഭിമാനിക്കാവുന്ന നേട്ടമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഏകദേശം 198 കമ്പനികളിലായി 4500ൽ അധികം പ്ലേസ്മെന്റാണ് ഡിപ്ലോമ എൻജിനീയർമാർ നേടിയത്. 2023-24 വർഷത്തിൽ സാങ്കേതികവിദ്യാഭ്യാസ വകുപ്പിൽ രൂപീകരിച്ച സ്റ്റേറ്റ് പ്ലേസ്മെന്റ് സെൽ സംവിധാനത്തിന് കീഴിലാണ് വിവിധ വ്യവസായ സ്ഥാപനങ്ങൾ കേരളത്തിലെ പോളിടെക്നിക് കോളേജുകളിൽ ക്യാമ്പസ് പ്ലേസ്‌മെന്റ് നടത്തിയത്.

മൾട്ടി നാഷണൽ കമ്പനികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നടത്തിയ പ്ലേസ്മെന്റിൽ 1.8 ലക്ഷം മുതൽ 13.5 ലക്ഷം രൂപവരെയുള്ള ഓഫറുകളാണ് ഇവർക്ക് ലഭിച്ചത്. സ്റ്റേറ്റ് പ്ലേസ്മെന്റ് സെല്ലിന് കീഴിൽ നാല് റീജിയണൽ പ്ലേസ്മെന്റ് സെല്ലുകൾ രൂപികരിച്ച് വിവിധ കമ്പനികളെ ക്ഷണിച്ച് യോഗ്യരായ മുഴുവൻ വിദ്യാർത്ഥികൾക്കും പങ്കെടുക്കുവാൻ അവസരം നൽകിയാണ് പ്ലേസ്മെന്റ് നടന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും തൊഴിലധിഷ്ഠിത സാങ്കേതികപഠനത്തിനും പ്രത്യേക പരിഗണന നൽകുന്ന സംസ്ഥാന സർക്കാർ, സാങ്കേതിക കലാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ അതീവശ്രദ്ധയാണ് നൽകിവരുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ നൈപുണ്യവുമുള്ള പുതുതലമുറയെ വാർത്തെടുക്കുകയെന്നതിൽ സർക്കാർ നൽകുന്ന ഊന്നലാണ്‌ ഈ ഗുണഫലം സൃഷ്ടിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button