KeralaNews

ജീവിതനിലവാരത്തിൽ ഇന്ത്യയിൽ ഒന്നാമത്; വിമർശനങ്ങളും ആക്രമണങ്ങളും തുടരട്ടെ, തലസ്ഥാനം മുന്നോട്ട് തന്നെയെന്ന് മേയർ

തിരുവനന്തപുരം: ഓക്‌സ്‌ഫോർഡ് എക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് 2024 പ്രകാരം ജീവിതനിലവാരത്തിൽ ഇന്ത്യയിൽ ഒന്നാമത്തെ നഗരമായി തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ സന്തോഷം പങ്കുവെച്ച് മേയര്‍ ആര്യ രാജേന്ദ്രൻ. സാമ്പത്തികം, മാനവ വിഭവം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണ നിർവഹണം എന്നിങ്ങനെ അഞ്ച് വിഭാഗത്തെ അടിസ്ഥാനമാക്കിയാണ് മികച്ച ജീവിതനിലവാരമുള്ള നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഇതിൽ ജീവിത നിലവാരത്തിന്റെ സൂചികയിൽ തലസ്ഥാന നഗരമാണ് ഇന്ത്യയിൽ ഒന്നാമത്. 

കോട്ടയം, തൃശൂർ, കൊല്ലം, കൊച്ചി, കണ്ണൂർ, കോഴിക്കോട്‌ എന്നീ നഗരങ്ങളും വിവിധ സൂചികകളിൽ പട്ടികയിലുണ്ട്. കേരളം ലോകത്തിന് മുന്നിൽ അഭിമാനത്തോടെ തലയുയർത്തി തന്നെ മുന്നോട്ട് പോകുമെന്ന് മേയര്‍ പറഞ്ഞു. വിമർശനങ്ങളും ആക്രമണങ്ങളും തുടരട്ടെ, തലസ്ഥാന നഗരം വികസനത്തിന്റെയും ക്ഷേമത്തിന്റെയും എല്ലാ മേഖലകളിലും ഒന്നാമതായി മുന്നേറാൻ ആഗ്രഹിക്കുന്നവരാണ് നഗരവാസികൾ. അവരുടെ പ്രതീക്ഷയ്‌ക്കും ആഗ്രഹത്തിനും ഒപ്പമാണ് നഗരസഭ. നമ്മളൊരുമിച്ച് നേടുന്നതാണ് ഈ നേട്ടങ്ങളെല്ലാം. നമുക്കാകെ അഭിമാനിക്കാനുള്ളതാണ് ഈ അംഗീകാരങ്ങളെന്നും മേയര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

ലോകമെമ്പാടുമുള്ള 1000 നഗരങ്ങളെ താരതമ്യം ചെയ്താണ് പട്ടിക തയ്യാറാക്കിയത്. 163 വ്യത്യസ്ത രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ലോകമെമ്പാടുമുള്ള 1,000 വലിയ നഗരങ്ങളെ റാങ്ക് ചെയ്യുന്ന ഒരു വാർഷിക റിപ്പോർട്ടാണ്  ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സ് ഗ്ലോബൽ സിറ്റി ഇൻഡക്‌സ്.

അതേ സമയം പൊതുവായ പട്ടികയിൽ റാങ്കിംഗിൽ വ്യത്യാസമുണ്ട്. സാമ്പത്തിക നിലവാരം മനുഷ്യ വിഭവശേഷി, ജീവിത ഗുണനിലവാരം, പരിസ്ഥിതി, ഭരണസംവിധാനം  എന്നിവ അടിസ്ഥാനമാക്കിയുള്ള പൊതു പട്ടികയിൽ  കേരളത്തിൽ നിന്ന് കൊച്ചി (521),തൃശൂർ (550), കോഴിക്കോട് (580 ), കോട്ടയം (649),തിരുവനന്തപുരം (686), കണ്ണൂർ (759) എന്നിവ ഇടം പിടിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button