24.6 C
Kottayam
Sunday, May 19, 2024

ഉത്തര്‍പ്രദേശിനെതിരെ കേരളത്തിന് കൂറ്റന്‍ വിജയലക്ഷ്യം;മറുപടി ബാറ്റിംഗില്‍ തകര്‍ച്ചയോടെ തുടക്കം

Must read

ആലപ്പുഴ: രഞ്ജി ട്രോഫിയില്‍ ഉത്തര്‍ പ്രേദേശിനെതിരായ മത്സരത്തില്‍ കേരളത്തിന് 383 റണ്‍സ് വിജയലക്ഷ്യം. ആലപ്പുഴ എസ് ഡി കൊളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ യുപി രണ്ടാം ഇന്നിംഗ്‌സ് മൂന്നിന് 323 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ആര്യന്‍ ജുയല്‍ (115), പ്രിയം ഗാര്‍ഗ് (106) എന്നിവരുടെ സെഞ്ചുറിയാണ് യുപിയെ കൂറ്റന്‍ ലീഡിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒന്നിന് 35 എന്ന നിലയിലാണ്. ഒന്നാം ഇന്നിംഗ്‌സില്‍ യുപിക്ക് 59 റണ്‍സ് ലീഡുണ്ടായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത യുപി 302 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കേരളം 243 റണ്‍സ് നേടി. 

കൃഷ്ണ പ്രസാദിന്റെ (0) വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. ആദ്യ ഇന്നിംഗ്‌സിലും താരത്തിന് റണ്‍സൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. രോഹന്‍ കുന്നുമ്മല്‍ (30), രോഹന്‍ പ്രേം (15) എന്നിവരാണ് ക്രീസില്‍. കേരളത്തിത്തിനെതിരെ 59 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഉത്തര്‍പ്രദേശ് മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെന്ന നിലയിലായിരുന്നു.

ഇന്ന് ജുയലിന്റെ വിക്കറ്റ് മാത്രമാണ് കേരളത്തിന് നേടാനായത്. തലേ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിചേര്‍ക്കാനാവാതെ ജുയല്‍ മടങ്ങി. നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ഇന്നലെ സമര്‍ത്ഥ് സിംഗിന്റെ (43) വിക്കറ്റ് ഇന്നലെ നഷ്ടമായിരുന്നു.

പിന്നീട് ഗാര്‍ഗ് – അക്ഷ് ദീപ് നാഥ് (38) സഖ്യം 103 റണ്‍സ് കൂട്ടിചേര്‍ത്തു. സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ ഗാര്‍ഗിന്റെ വിക്കറ്റ് നഷ്ടമായി. ഒരു സി്കസും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗാര്‍ഗിന്റെ ഇന്നിംഗ്‌സ്. ബേസില്‍ തമ്പി, ജലജ് സക്‌സേന, ശ്രേയസ് ഗോപാല്‍ എന്നിവരാണ് കേരളത്തിന് വിക്കറ്റുകള്‍ വീഴ്ത്തിയത്. 

നേരത്തെ മൂന്നാം ദിനം 220-6 എന്ന സ്‌കോറില്‍ ബാറ്റിംഗിനിറങ്ങിയ കേരളം 243 റണ്‍സിന് പുറത്തായി 59 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയിരുന്നു. കേവലം 23 റണ്‍സിനിടെയാണ് കേരളത്തിന് ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമായത്.ആദ്യ ഇന്നിംഗ്‌സില്‍ യുപി 302 റണ്‍സാണ് നേടിയത്. 74 റണ്‍സ് നേടിയ വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.

ഇന്നലത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും ചേര്‍ക്കാനാവാതെ ശ്രേയസ് ഗോപാല്‍ (36) ആദ്യം മടങ്ങി. തൊട്ടുപിന്നാലെ ജലജ് സക്സേന(7), ബേസില്‍ തമ്പി (2), വൈശാഖ് ചന്ദ്രന്‍ (5) എന്നിവരും പുറത്തായതോടെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് പ്രതീക്ഷ വെള്ളത്തിലായി.

ഏഴാമനായി ബാറ്റിംഗിനെത്തി 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഇന്നലെ പുറത്തായിരുന്നു. എം ഡി നിധീഷ് കൂട്ടിചേര്‍ത്ത 15 റണ്‍സാണ് കേരളത്തെ ഇന്ന് 243ലെത്തിച്ചത്. യുപിക്ക് വേണ്ടി അങ്കിത് രജ്പുത് അഞ്ച് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവിന് മൂന്ന് വിക്കറ്റുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week