KeralaNews

12000 രൂപയുടെ ജോലിക്ക് കോഴ 50,000 രൂപ, കോണ്‍ഗ്രസ് നേതാക്കളുടെ ഫോൺ സംഭാഷണം പുറത്ത്

മുക്കം : കൊടിയത്തൂർ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന് കോഴ ആവശ്യപ്പെട്ട പഞ്ചായത്തംഗത്തിന്റെ ഫോൺസന്ദേശം പുറത്ത്. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് ഏഴാംവാർഡംഗം കരീം പഴങ്കലും കൂടരഞ്ഞിയിലെ കോൺഗ്രസ് നേതാവ് സണ്ണിയും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്.

കൊടിയത്തൂർ കോട്ടമ്മലിൽ പ്രവർത്തിക്കുന്ന സാംസ്കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയനെ നിയമിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുഖാമുഖവും നടത്തി.

ഒന്നാം സ്ഥാനത്തെത്തിയ ആൾ ജോലി വേണ്ടെന്ന് എഴുതി നൽകിയതിനാൽ കൂടരഞ്ഞി കൂമ്പാറ സ്വദേശിനിയായ രണ്ടാം റാങ്കുകാരിക്ക് നറുക്ക് വീഴുകയായിരുന്നു. ഇതേത്തുടർന്നാണ് കൂടരഞ്ഞിയിലെ കോൺഗ്രസ് നേതാവുമായി ബന്ധപ്പെട്ടതെന്നാണ് വിവരം.

കോൺഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളുടെ ഭാഗമായി സണ്ണി തന്നെയാണ് സംഭാഷണം പുറത്ത് വിട്ടതെന്നാണ് സൂചന. സണ്ണിയും കരീമും കോൺഗ്രസിലെ രണ്ട് ചേരിയിലെ നേതാക്കളാണ്. പ്രതിമാസം പന്ത്രണ്ടായിരം രൂപ ഓണറേറിയം ലഭിക്കുന്ന ജോലിക്കായി അൻപതിനായിരം രൂപയാണ് കോഴയായി ആവശ്യപ്പെട്ടത്.

സാധാരണനിലയിൽ വലിയ തുക വാങ്ങാറുണ്ടെന്നും പഞ്ചായത്തിന് പല ആവശ്യങ്ങളുണ്ടെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്. ഫോൺ സംഭാഷണം വാട്സാപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കൊടിയത്തൂർ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന് ഉദ്യോഗാർഥിയിൽനിന്ന് പണം ആവശ്യപ്പെട്ടത് പാർട്ടി പറഞ്ഞിട്ടെന്ന് കരീം പഴങ്കൽ പറഞ്ഞു. കുറ്റവിചാരണ സദസ്സ് വിജയിപ്പിക്കുന്നതിനായി അന്നത്തെ യു.ഡി.എഫ്. കൺവീനർ കൂടിയായ സണ്ണി കിഴക്കരക്കാട്ട് പറഞ്ഞിട്ടാണ് പണം ആവശ്യപ്പെട്ടതെന്നും കരീം പഴങ്കൽ പറഞ്ഞു. താൻ സണ്ണിയെ അങ്ങോട്ട് വിളിച്ചതല്ലെന്നും തിരക്കഥ തയ്യാറാക്കി തന്നെ ഇങ്ങോട്ട് വിളിക്കുകയായിരുന്നുവെന്നും കരീം പറഞ്ഞു.

കൊടിയത്തൂർ സാംസ്കാരിക നിലയത്തിലെ ലൈബ്രേറിയൻ നിയമനമുൾപ്പെടെ മുഴുവൻ നിയമനവും നിയമാനുസൃതമായി മാത്രമാണ് നടന്നതെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ ദിവ്യാ ഷിബു പറഞ്ഞു.ഒരാളിൽനിന്ന്‌ ഭരണസമിതി പണം ആവശ്യപ്പെടുകയോ പണം വാങ്ങുകയോ ചെയ്തിട്ടില്ലെന്നും പഞ്ചായത്തിന്റെ ആവശ്യങ്ങൾക്ക് പണം വാങ്ങാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ദിവ്യാ ഷിബു പറഞ്ഞു.

പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന് കോഴ ചോദിക്കുന്ന ഫോൺ സംഭാഷണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടന്നും സത്യാവസ്ഥ മനസ്സിലാക്കി നടപടി സ്വീകരിക്കുമെന്നും കൊടിയത്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ സുജ ടോം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker