NationalNews

സർവകലാശാല ക്യാമ്പസിൽ കാട്ടാനയുടെ ആക്രമണം, സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി

ചെന്നൈ: ഭാരതിയാർ സർവകലാശാലയുടെ കോയമ്പത്തൂർ ക്യാംപസിൽ കാട്ടാന കയറി സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി. കോയമ്പത്തൂർ സ്വദേശി ഷൺമുഖമാണ് കൊല്ലപ്പെട്ടത്. വനാതിർത്തിയോട് ചേർന്നുളള ക്യാംപസിലേക്ക് കയറിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ആക്രമണം. ഷണ്‍മുഖത്തിനൊപ്പമുണ്ടായിരുന്ന സുരേഷ് കുമാർ എന്ന സുരക്ഷാ ജീവനക്കാരൻ ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലാണ്‌.

ആക്രമണത്തിന് ശേഷം ക്യാംപസിൽ തമ്പടിച്ച ആനയെ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തുരത്തി. എന്നാൽ, അര മണിക്കൂറിനുള്ളിൽ വീണ്ടും ക്യാംപസിലേക്ക് മടങ്ങിയെത്തിയ ആന വനാതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. കോയമ്പത്തൂര്‍ ഫോറസ്‌റ്റ് ജീവനക്കാർ ജാഗ്രതാനിര്‍ദേശവുമായി ക്യാംപസില്‍ തുടരുന്നുണ്ട്.

കഴിഞ്ഞ ഏപ്രിലിൽ പത്തനംതിട്ടയിൽ കർഷകനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. പത്തനംതിട്ട തുലാപ്പള്ളിയിലാണ് കർഷകൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വട്ടപ്പാറ സ്വദേശി ബിജുവാണ് കൃഷി നശിപ്പിച്ച കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ടത്.

രാത്രി ഒന്നരയ്ക്കാണ് ബിജു കൊല്ലപ്പെട്ടത്. അടുത്ത വീട്ടിലെ തെങ്ങ് കുത്തികുത്തി മറിക്കുന്ന ശബ്ദം കേട്ടാണ് ബിജുവും ഭാര്യയും ഇറങ്ങിച്ചെന്നത് . വിരട്ടിയോടിക്കാൻ ശ്രമിക്കുന്നതിനിടെ തിരിഞ്ഞുനിന്ന് ആന ബിജുവിനെ തുമ്പിക്കൈയിലെടുത്ത് നിലത്തടിക്കുകയായിരുന്നു.

ബിജുവിന്റെ ഭാര്യയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. മൃതദേഹം മാറ്റാൻ നാട്ടുകാർ ആദ്യം അനുവദിച്ചില്ലെങ്കിലും ജില്ലാ കലക്ടർ എത്തി ചർച്ച നടത്തിയതോടെ നാട്ടുകാർ വഴങ്ങുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button